തളിപ്പറമ്പ്: പരിസ്ഥിതി പ്രവർത്തകന് നേരെ വീടുകയറി വധഭീഷണി മുഴക്കിയതിന് 8 ഓളം പേർക്കെതിരെ പരാതി.
രാജരാജേശ്വര ക്ഷേത്രച്ചിറക്ക് സമീപം താമസിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠനെ കണ്ടാലറിയാവുന്ന എട്ടോളം വരുന്ന സംഘം ഭീഷണിപ്പെടുത്തിയതായാണ് പരാതി. കഴിഞ്ഞദിവസം വിജയ് നീലകണ്ഠന്റെ വീടിനു സമീപത്തുളള സ്ഥലത്ത് ആക്രിസാധനങ്ങൾ സംഭരിക്കുന്നതിനെതിരെ സബ് കളക്ടർക്ക് പരാതി നല്കിയിരുന്നു.
മഴപെയ്തതോടെ ആക്രി സാധനങ്ങളിൽ നിന്നുളള മാലിന്യങ്ങൾ കലർന്ന വെള്ളം തൊട്ടടുത്ത ക്ഷേത്രച്ചിറയിലും മറ്റു വീടുകളുടെ പരിസരങ്ങളിലേക്കും ഒഴുകിയെത്താൻ തുടങ്ങിയതിനെതിരെയായിരുന്നു പരാതി. വിജയ് നീലകണ്ഠൻ നൽകിയ പരാതിയിൽ നഗരസഭാ അധികൃതർ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് സബ് കളക്ടർക്ക് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ തളിപ്പറമ്പ് തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വില്ലേജ് ഓഫിസ് അധികൃതർ പരിശോധനക്കെത്തിയതിന്റെ പിറകെയാണ് എട്ടോളം വരുന്ന സംഘം
ഇദ്ദേഹത്തിന്റെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. വിജയ് നീലകണ്ഠൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ വില്ലേജ് അധികൃതർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.