പിലാത്തറ: അടച്ചിട്ട വീട്ടിൽ വാതിൽ തകർത്ത് പന്ത്രണ്ടര പവൻ സ്വർണവും 30,000 രൂപയും വെള്ളിനാണയങ്ങളും രണ്ട് കാമറകളും കവർച്ച ചെയ്തു. നരീക്കാംവള്ളി പഴിച്ചിയിലെ ആനപ്പള്ളി വീട്ടിൽ ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. മുംബയിൽ ബിസിനസുകാരനായ ഷാജി നമ്പ്യാർ ലോക് ഡൗൺ കാരണം മുംബയിൽ തന്നെയായിരുന്നു. ഈ വീട്ടിൽ താമസക്കാരായ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ മകനും മാർച്ചിൽ മുംബയിൽ പോയിരുന്നു. ഇതുകാരണം വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ട് അയൽക്കാരനും ഓട്ടോഡ്രൈവറുമായ സുഭാഷ് സ്ഥലത്തെത്തിയോ എന്നന്വേഷിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് നടന്നത് മോഷണമാണെന്ന് വ്യക്തമായത്. സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത മോഷ്ടാക്കൾ വീടിനും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുൻവശത്തേത് ഉൾപ്പെടെ അടച്ച മുറികളുടെ വാതിലുകൾ പൂർണമായി തകർത്ത നിലയിലാണ്.

കൂടാതെ നാല് ബെഡ് റൂമുകളിലേയും അലമാരകളും തകർത്തിട്ടുണ്ട്. നാലേകാൽ ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉൾപ്പെടെ ആറര ലക്ഷം രൂപയുടെ സാധനങ്ങളാണ് മേഷ്ടാക്കൾ കൊണ്ടുപോയത്. വിവരമറിഞ്ഞ് നീലേശ്വരത്ത് താമസിക്കുന്ന ഷാജി നമ്പ്യാരുടെ സഹോദരി ശ്രീകുമാരി ഹരീന്ദ്രൻ സ്ഥലത്തെത്തി പരിയാരം പൊലീസിൽ പരാതി നൽകി.

സിസി ടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം

പിലാത്തറയിലെയും പരിസരങ്ങളിലെയും സിസി ടിവി കാമറകൾ കേന്ദ്രീകരിച്ചും സൈബർസെല്ലിന്റെ സഹായം ഉപയോഗപ്പെടുത്തിയുമാണ് പൊലീസ് കേസന്വേഷണം ആരംഭിച്ചത്. പരിയാരം പ്രിൻസിപ്പൽ എസ്.ഐ എം.വി. ഷാജി, അഡീഷണൽ എസ്.ഐ സി.ജി. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉൾപ്പെടെയുള്ള സംഘവും തെളിവെടുപ്പിന് എത്തിയിരുന്നു.