കാസർകോട്: ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് റെയിൽവെ പിന്തിരിയുന്നു. 'സഞ്ചരിക്കുന്ന കൊവിഡ് ആശുപത്രി' അപ്രായോഗികമെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയിൽവേ ഈ നീക്കം ഉപേക്ഷിക്കുന്നത്. ദക്ഷിണ റെയിൽവെ 478 കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏപ്രിലിൽ തന്നെ പൂർത്തിയാക്കിയിരുന്നു. കൊവിഡ് വ്യാപനം വേഗത്തിൽ നടക്കുന്നതിനാൽ നിരീക്ഷണത്തിൽ കഴിയുന്ന യാത്രക്കാരെ പാർപ്പിക്കുന്നതിനാണ് അന്ന് ഈ കോച്ചുകൾ തയ്യാറാക്കി നിർത്തിയിരുന്നത്.
മംഗളുരുവിൽ നിർമ്മാണം പൂർത്തിയാക്കിയിരുന്ന കോച്ചുകൾ ഐസൊലേഷൻ ഉപകരണങ്ങൾ അഴിച്ചുമാറ്റി ശ്രമിക് ട്രെയിനായി സർവ്വീസ് നടത്തി. അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് ബീഹാറിലേക്ക് ഓടിയ ശ്രമിക് ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകൾക്കായി ഒരുക്കിവച്ചിരുന്നതാണ്. ട്രെയിനുകളിൽ സഞ്ചരിക്കുന്ന ഐസൊലേഷൻ കോച്ചുകൾ ഉണ്ടാകില്ലെന്നും ആവശ്യമാകുന്ന ഘട്ടത്തിൽ ഏതെങ്കിലും റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടാൽ മതിയെന്നുമാണ് ഇപ്പോൾ റെയിൽവെ ഉന്നത വൃത്തങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്.
കൊവിഡ് രോഗികൾ വർദ്ധിക്കുകയും ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനും നിരീക്ഷണത്തിനും സംവിധാനം തികയാതാകുന്ന ഘട്ടത്തിലും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഐസൊലേഷൻ കോച്ചുകൾ റെയിൽവെ സ്റ്റേഷനുകളിൽ കൊണ്ടുവെച്ചാൽ മതിയെന്നാണ് റെയിൽവേയുടെ പുതിയ നിലപാട്.
രോഗികൾ കൂടുമ്പോൾ സ്റ്റേഷനിലെത്തും
ജില്ലാ ആസ്ഥാനങ്ങളിലോ ജില്ലകളിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിലോ ഉപയോഗിക്കാതെ കിടക്കുന്ന ട്രാക്കുകളിൽ ഈ കോച്ചുകൾ നിർത്തിയിട്ട് രോഗികളെ അഡ്മിറ്റ് ചെയ്യും. കോഴിക്കോട് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനോട് ചേർന്ന് അഞ്ച് കോച്ചുകൾ നിർത്തിയിടാനുള്ള സൗകര്യമുണ്ട്. എറണാകുളം, കണ്ണൂർ, കാസർകോട് ഉൾപ്പടെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ഇങ്ങനെ അധികം തീവണ്ടികൾ കയറാത്ത ട്രാക്കുകളുണ്ട്. ഈ ട്രാക്കുകളിൽ അതത് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അനുസരിച്ചു കോച്ചുകൾ നിർത്തിയിട്ടാൽ മതിയെന്നാണ് റെയിൽവെ പറയുന്നത്. ഈ കോച്ചുകളിൽ രോഗികളെ ക്വാറന്റൈൻ ചെയ്യാനും ഉപയോഗിക്കാം.
105 കോച്ചുകൾ
ഷോർണൂരിൽ 20
മംഗളൂരുവിൽ 20
തിരുവനന്തപുരം 65