കണ്ണൂർ:കൊവിഡ് കാലത്ത് അലോപ്പതി മരുന്നുകൾക്കും ചെലവില്ല. ലോക്ക് ഡൗണിനു മുമ്പ് ആയിരം കോടിയോളം രൂപയാണ് മലയാളികൾ ഒരു മാസം മരുന്ന് വാങ്ങാൻ ചെലവഴിച്ചിരുന്നത്.കഴിഞ്ഞ രണ്ടു മാസങ്ങളിലായി 500 കോടിയുടെ വില്പനയാണ് കുറഞ്ഞത്.ഏപ്രിലിൽ മാത്രം 200 കോടിയുടെ കുറവുണ്ടായി. മേയിൽ കുറഞ്ഞത് 300 കോടിയാണ്. 13500 സ്വകാര്യ മെഡിക്കൽ ഷാപ്പുകളും സർക്കാർ നിയന്ത്രണത്തിലുള്ള കാരുണ്യ,നീതി മെഡിക്കൽ സ്റ്റോറുകളും ലോക്ക്ഡൗൺ കാലത്ത് തുറന്നുപ്രവർത്തിച്ചിരുന്നു. ജനറൽ, ഡെന്റൽ, അലർജി, ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് ആവശ്യക്കാർ കുറഞ്ഞത്.പ്രമേഹം,രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾക്ക് ചെലവുണ്ട്. ആസ്ത്മ രോഗികൾ വാങ്ങാറുള്ള ഇൻഹേലറിന്റെ വിൽപ്പന നാലിലൊന്നായി കുറഞ്ഞു. പ്രതിമാസം പത്ത് കോടിയുടെ ആന്റി ബയോട്ടിക് വില്പന നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞമാസം ഒന്നരക്കോടിയായിരുന്നു വരുമാനം.
കുത്തനെ കുറഞ്ഞത്
എറണാകുളത്ത്
ഏറ്റവും കൂടുതൽ മെഡിക്കൽ ഷാപ്പുകളും ആശുപത്രികളുമുള്ള എറണാകുളം ജില്ലയിലാണ് മരുന്ന് വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത്. പ്രതിമാസം 200 കോടിക്ക് മുകളിലായിരുന്ന വിൽപ്പന നൂറു കോടിയിലും താഴെയായി. ആശുപത്രികളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും സ്വകാര്യ ക്ളിനിക്കുകൾ പ്രവർത്തിക്കാത്തതുമാണ് കാരണം.
'ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നത് ഔഷധവ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രിലിലെ കുറവ് മേയിൽ നികത്താമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ വിൽപ്പന വീണ്ടും കുറഞ്ഞു'.
-എ. എൻ. മോഹനൻ
പ്രസിഡന്റ്, ആൾ കേരള
കെമിസ്റ്റ്സ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ