നീലേശ്വരം: ലോക്ക് ഡൗൺ കാലയളവിൽ അടച്ചിട്ട രണ്ടുമാസക്കാലത്തെ വാടക കൂടി ആവശ്യപ്പെട്ട് കെട്ടിട ഉടമകൾ എത്തിയതോടെ ഒരുകൂട്ടം കച്ചവടക്കാർ ത്രിശങ്കുവിൽ. അടച്ചിടൽ കാലത്തെ വാടക ഒഴിവാക്കി നൽകണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് കെട്ടിട ഉടമകൾ ഇത്തരം ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.
ലോക്ക് ഡൗൺ ഭാഗികമായി പിൻവലിക്കുകയും കടകൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെയാണ് രണ്ടു മാസത്തെ വാടക നിർബന്ധിച്ച് വാങ്ങിക്കുന്നത്. ഇപ്പോൾ തന്നെ ബസ് സർവീസ് പൂർണ്ണമായും നടത്താത്തതിനാൽ നഗരങ്ങളിൽ ഇനിയും കച്ചവടം സാധാരണ ഗതിയിലായിട്ടില്ല. അനാദിക്കടകളിലും പച്ചക്കറി കടകളിലും മാത്രമാണ് കുറച്ചെങ്കിലും കച്ചവടം നടക്കുന്നത്.
രണ്ടു മാസമായി കടകൾ അടഞ്ഞുകിടന്നതോടെ ചെറുകിട കച്ചവടക്കാരുടെ ജീവിതം താറുമാറായിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത് കച്ചവടം ചെയ്യുന്നവരും വീടിനുവേണ്ടി കടമെടുത്തവരുമായവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും ഒരു വിഭാഗം കച്ചവടക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ജിം തുടങ്ങിയ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല.
ഇത്തരം വിഷമാവസ്ഥയിലുള്ളവരോടാണ് കെട്ടിട ഉടമകൾ രണ്ടു മാസത്തെ വാടക പിടിച്ചുവാങ്ങുന്നത്. വാടക തന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇപ്പോൾ ഓഫ് സീസണുമാണ്. ഇതൊന്നും കാണാതെയാണ് കെട്ടിട ഉടമകൾ വാടകക്കാരെ പിഴിയുന്നതെന്നാണ് പരാതി. അതേസമയം ചില കെട്ടിട ഉടമകൾ സ്വമേധയാ തന്നെ രണ്ടും മൂന്നും മാസത്തെ വാടക ഒഴിവാക്കിയിട്ടുമുണ്ട്.