കാഞ്ഞങ്ങാട്: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തി സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. സ്തംഭിച്ചുനിന്ന പല തൊഴിൽ മേഖലകളും പതിയെ ഉണരാൻ ശ്രമിക്കുന്നു. എന്നാൽ പൊതുഗതാഗതത്തിന്റെ സ്ഥിതി ഇതല്ല.
നീണ്ട ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച പൊതുഗതാഗത സംവിധാനം വീണ്ടും തളർച്ചയിലാണ്. നേരത്തെ പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ സ്വകാര്യ വാഹനങ്ങളുമായാണ് നിരത്തിലിറങ്ങുന്നത്. കൂടാതെ അത്യാവശ്യ കാര്യത്തിന് മാത്രമേ ആളുകൾ പുറത്തിറങ്ങുന്നുമുള്ളൂ. ഇങ്ങനെയായപ്പോൾ കാഞ്ഞങ്ങാട്ടും ഓട്ടോറിക്ഷ തൊഴിലാളികളുടെ കാര്യം പരുങ്ങലിൽ തന്നെ.
ഉപാധികളോടെ സർവീസിന് അനുമതി കിട്ടിയെങ്കിലും വളരെ കുറച്ച് ഓട്ടം മാത്രമേ കിട്ടുന്നുള്ളൂ എന്ന് പല ഭാഗത്തുള്ള ഓട്ടോ ഡ്രൈവർമാർ പറയുന്നു. ആദ്യഘട്ടത്തിൽ ഒരാൾക്ക് മാത്രമായിരുന്നു ഓട്ടോറിക്ഷയിൽ യാത്രാനുമതി. കുടുംബമാണെങ്കിൽ മൂന്നുപേർക്ക് യാത്രയാകാം. എന്നാൽ ഈ നിയന്ത്രണത്തിലും ഇളവ് ലഭിച്ചെ്കിലും യാത്ര ചെയ്യാൻ ആളില്ലാത്ത സ്ഥിതിയിലാണെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പരാതി. കൂടാതെ ഓട്ടോയിൽ കയറുന്നവരുടെയും ഡ്രൈവർമാരുടെയും സുരക്ഷയെ കരുതി സാനിറ്റൈസർ ഉൾപ്പെടെ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുകയും വേണം.
നേരത്തെ ലഭിച്ചിരുന്ന ദിവസ വരുമാനം
800 മുതൽ 1000 രൂപ
ഇപ്പോൾ ലഭിക്കുന്നത്
150 മുതൽ 250 രൂപ
കയറാൻ ആളുകൾക്ക് മടി
അടുത്തുള്ള സ്ഥലങ്ങളിലേക്കും മറ്റും പോകാൻ വാഹനങ്ങളിൽ കയറാൻ ആളുകൾ മടിക്കുകയാണ്. വിവാഹം പോലുള്ള ചടങ്ങുകൾ കുറഞ്ഞതും ഓട്ടോ സവാരി കുറയാൻ കാരണമായി.
ഓട്ടം കുറഞ്ഞതോടെ വായ്പ എടുത്തും വാടകയ്ക്ക് എടുത്തും ഓട്ടോറിക്ഷ ഓട്ടുന്ന തൊഴിലാളികൾ കഷ്ടത്തിലാണ്. സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഓട്ടോ തൊഴിൽ മേഖലയെ സംരക്ഷിക്കണം.
സുബൈർ പുഴക്കര,
മാണിക്കോത്ത്