ഇരിട്ടി: മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. കാലവർഷത്തിന് മുന്നേ രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്ത അയ്യങ്കുന്ന് പഞ്ചായത്തിന് പുറമെ ഉളിക്കൽ, പായം പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ മേഖലകളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
അയ്യൻകുന്ന് പഞ്ചായത്തിൽ കഴിഞ്ഞമാസങ്ങളിൽ മുപ്പതോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഈ മാസത്തോടെ ഇരട്ടിച്ച് അറുപതോളമായി. ഉളിക്കലിൽ ഇപ്പോൾ ഒമ്പതോളം കേസുകളുണ്ട്. കഴിഞ്ഞ വർഷം മേഖലയിൽ ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പായം പഞ്ചായത്തിലെ പായം, കരിയാൽ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തതോടെ അധികൃതർ ജാഗ്രതയിലാണ്.
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും, പൊലീസും, റവന്യൂ വകുപ്പും ഉൾപ്പെടെ വിവിധ മാർഗങ്ങൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഡെങ്കിപ്പനിയും ഭീതി പരത്തി പടരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിലെ കരിയാലിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.