കാസർകോട്: പൊലീസിനെ ജനകീയമാക്കിയതിന്റെ സംതൃപ്തിയോടെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരൻ കാസർകോട് ക്രൈംബ്രാഞ്ചിലേക്ക് മാറുന്നത്. വലിയ ക്രമസമാധാന പ്രശ്നങ്ങളോ വിവാദങ്ങളോ ഇല്ലാതെ കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധി കടന്നുപോയത് കഴിഞ്ഞ ഒരു വർഷത്തിന് ഇടയിലാണെന്ന് പി.കെ സുധാകരൻ പറയും. അതിന് മുമ്പ് ഏഴ് മാസവും സുധാകരൻ കാഞ്ഞങ്ങാട് ഡിവൈ.എസ്. പിയായിരുന്നു. മൂന്ന് മാസം ഇദ്ദേഹം മാറിനിന്ന വേളയിലാണ് പെരിയ ഇരട്ടക്കൊലപാതകം നടന്നത്. പോകുന്നതിന് മുമ്പ് ഇദ്ദേഹം ഡിവിഷൻ പരിധികളിലും കല്ല്യോട്ട് ഭാഗങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
റോഡിൽ എന്നും 'ലൈവായി' സുധാകരൻ ഉണ്ടാകുന്നത് ക്രമസമാധാന വിഷയങ്ങളുടെ ചൂട് കുറച്ചിട്ടുണ്ട്. തിരിച്ചു വന്നതിന് ശേഷം കല്ല്യോട്ട് പെരുങ്കളിയാട്ടം ഒരു പോറലുമില്ലാതെ നടത്തി. ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവം ഭംഗിയായി നടത്തുന്നതിന് നാല് ദിവസം ഉറങ്ങാതെ തുടർച്ചയായി ഡ്യുട്ടി ചെയ്തു. സമരകാഹളം മുഴക്കിയ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം, അക്രമമുണ്ടാകുമെന്ന് പ്രചരിപ്പിച്ച സി.പി.എം മനുഷ്യച്ചങ്ങല തുടങ്ങിയവ കുഴപ്പങ്ങളില്ലാതെ നിയന്ത്രിച്ചു. കേസുകൾ നേർപകുതിയായി കുറച്ചതിന്റെ അഭിമാനവും ഇദ്ദേഹത്തിനുണ്ട്. 825 ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സബ് ഡിവിഷനിൽ കേസുകൾ 428 ലേക്ക് എത്തിച്ചത് പൊലീസിനെ ജനകീയമുഖമായി. പ്രമാദമായ കളവ് കേസുകൾ ഉണ്ടായിട്ടില്ല. ചെറിയ കേസുകൾ പലതും തെളിയിക്കാൻ കഴിഞ്ഞു. കൊവിഡിനെ പിടിച്ചുകെട്ടുന്നതിലും അശ്രാന്ത പരിശ്രമമാണ് പൊലീസ് നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാതാക്കിയത് വലിയ നേട്ടമായി ഇദ്ദേഹം കരുതുന്നു. പൊലീസ് ഇടപെടലിൽ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും എതിർപ്പുകളില്ലാതാക്കി. എല്ലാവർക്കും ഒരുപോലെ നീതി നല്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന സുധാകരൻ പ്രതിസന്ധി ഘട്ടങ്ങളിലും നീതി നടപ്പിലാക്കുന്നതിന് രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ എല്ലാവരും സഹായിച്ചതായി പറഞ്ഞു.