pic

കാലിക്കടവ് (കാസർകോട്): സി.പി.എം ശക്തികേന്ദ്രമായ ഓലാട്ട് പട്ടികജാതി കോളനിയിലെ എം. തമ്പാന്റെ (60) ദുരൂഹ മരണത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു. കോളനിവാസിയായ തമ്പാന്റെ മരണത്തിന് ഉത്തരവാദിയായ സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഉറച്ചുനിൽക്കേ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. അതേസമയം തമ്പാന്റെ മരണത്തിലേക്കും തുടർന്നുള്ള ആരോപണങ്ങളിലേക്കും നയിച്ചത് വർഷങ്ങളായി കോളനിയിൽ നടന്നുവരുന്ന വ്യാജവാറ്റും അതിനെ ചൊല്ലിയുള്ള തർക്കങ്ങളും വൈരാഗ്യവുമാണെന്ന് പുറത്തുവന്നു.

കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഓലാട്ട് കോളനിയിൽ 60 ഓളം കുടുംബങ്ങളുണ്ട്. ഇതിൽ 15 ഓളം കുടുംബങ്ങൾ ജീവിക്കാൻ തീരെ നിവൃത്തിയില്ലാത്തവരാണ്. എന്നാൽ കുറെ കുടുംബങ്ങൾ മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ളവരുമാണ്. ഭീമനടി സ്വദേശിയാണ് മരിച്ച തമ്പാൻ. ഏകദേശം 20 വർഷം മുമ്പ് കോളനിയിൽ എത്തുകയും രാജപുത്രിയെ വിവാഹം ചെയ്തു താമസമാക്കിയതുമാണ്. ഏതാണ്ട് ഒരു വർഷമായി കോളനിയിൽ വ്യാജവാറ്റ് വ്യാപകമായി നടക്കുന്നുണ്ട്. വ്യാജവാറ്റിനെ അനുകൂലിച്ചും എതിർത്തും രണ്ടു വിഭാഗം കോളനിയിൽ രൂപപ്പെട്ടു. സി.പി.എം ബ്രാഞ്ച് അംഗമായ ഒരാളുടെ നേതൃത്വത്തിലും വാറ്റ് നടക്കുന്നത് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു പാർടി ബ്രാഞ്ച് യോഗത്തിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഗൗരവമേറിയ ചർച്ചകൾ നടന്നിരുന്നു. പാർട്ടിയുടെ അനുവാദത്തോടെ യുവജനങ്ങളുടെ സ്‌ക്വാഡ് രൂപീകരിച്ച് വ്യാജവാറ്റ് തടയുന്നതിന് രംഗത്തിറങ്ങി. ചീമേനി പൊലീസും വ്യാജവാറ്റ് പിടികൂടുന്ന സംഘത്തിന് അനുകൂല നിലപാട് എടുത്തു.

വ്യാജവാഷ് കൈവശം വച്ചതിന് മാസങ്ങൾക്ക് മുമ്പ് കോളനിയിലെ ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാറ്റ് തടയാനുള്ള സംഘത്തെ നയിച്ചത് കൊടക്കാട് ഗവ. വെൽഫെയർ സ്കൂളിലെ അദ്ധ്യാപകനായ മനോഹരൻ ആയിരുന്നു. അതിന് ശേഷം ഓലാട്ട് കോളനിയിൽ നിരവധി സംഭവങ്ങൾ അരങ്ങേറി. സി.പി.എമ്മിന്റെ കൊടിമരത്തിൽ ബി.ജെ.പിയുടെ പതാക കെട്ടിയതിനെ ചൊല്ലിയും കോളനിയിൽ ഒച്ചപ്പാടുണ്ടായിരുന്നു. പരസ്പരം വിദ്വേഷം വളർന്നതോടെ കോളനിവാസികളിൽ ചേരിതിരിവ് പ്രകടമായി. കോളനിയിലെ ക്ലബിന്റെ ഭാരവാഹിയായ മനോഹരന്റെ നേതൃത്വത്തിൽ ഒരുവിഭാഗവും പുരുഷ സ്വയംസഹായ സംഘത്തിന്റെ പേരിൽ എതിർ ചേരിയും ശക്തിയാർജ്ജിച്ചു. അതിനിടയിലാണ് തമ്പാനെ അദ്ധ്യാപകന്റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നും അതിനെ തുടർന്നാണ് തമ്പാൻ മരിച്ചതെന്നും ആരോപണമുയർന്നത്. കോളനിക്കാർ ഇന്നലെ രാത്രി യോഗം ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. പാർട്ടി തീരുമാനം അനുസരിച്ചു വ്യാജവാറ്റ് തടയാൻ രംഗത്തിറങ്ങിയിരുന്നുവെന്നും എന്നാൽ തമ്പാനെ അടിച്ചിട്ടില്ലെന്നും ആരോപണം നേരിടുന്ന സി.പി.എം പ്രാദേശിക നേതാവായ അദ്ധ്യാപകൻ മനോഹരൻ പറഞ്ഞു.

മനോഹരന്റെ മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. പണത്തിന് മുന്നിൽ ദളിതനെ മറക്കുന്ന സംസ്കാരമാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.