കൽപ്പറ്റ: നിരീക്ഷണത്തിലിരിക്കെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. മിക്ക ജില്ലകളിലും ഇത്തരം സംഭവങ്ങളിൽ പൊലീസ് കേസ് എടുക്കുന്നുമുണ്ട്. വയനാട് നൂൽപ്പുഴയിൽ നിയന്ത്രണം ലംഘിച്ചതിന് കഴിഞ്ഞ ദിവസം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടിൽ നിപു എ. സുരേന്ദ്രൻ (27), ചീരാൽ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവിൽ വീട്ടിൽ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്പ്യാർ വീട്ടിൽ എ. അക്ഷയ് (21) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സൈബർ സെല്ലിന്റെ ജിയോഫെൻസിംഗ് സംവിധാനം വഴിയാണ് ഇവർ ഹോം ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തിയത്. കർണാടകയിൽ നിന്ന് എത്തിയവരായിരിന്നു ഇവർ. ജില്ലയിൽ കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 209 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16 പേർ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുണ്ട്. പുതുതായി നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 24 പേരും ഉൾപ്പെടെ നിലവിൽ 3691 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലയിൽ നിന്നും ആകെ 2620 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ ഫലം ലഭിച്ച 2065 ൽ 2058 നെഗറ്റീവും ഏഴ് പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.