sujithra

എളേരി (കാസർകോട്): സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഏർപ്പെടുത്തിയതിനു ശേഷം മാത്രം ഓൺലൈൻ പഠനം ആരംഭിക്കുക എന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച വനിതാ പൊതു പ്രവർത്തക മുടന്തേൻ പാറയിലെ സുചിത്രയുടെ കുടിലിൽ എത്തി. വെസ്റ്റ്‌ എളേരി മുടന്തേൻ പാറ പട്ടികവർഗ്ഗ കോളനിയിലെ സുരേഷിന്റെയും സുധയുടെയും മകളായ പഠിക്കാൻ മിടുക്കിയായ സുചിത്രയെ കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് 'സൈൻ' എന്ന സംഘടനയുടെ ചെയർപേഴ്‌സൺ കൂടിയായ ഗിരിജാ സുമിത് ലാൽ മുടന്തേൻ പാറയിലെ സുചിത്രയുടെ കുടിലിൽ എത്തിയത്.

കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെന്നും മുഴുവൻ കുട്ടികൾക്കും ഈ സൗകര്യം ഒരുക്കിയതിനു ശേഷംമതി ഓൺലൈൻ പഠനം എന്നുമായിരുന്നു ഗിരിജ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ഇവരുടെ ഹർജിയെ തുടർന്നാണ് കോടതി ഇടപെട്ട് ഓൺലൈൻ പഠനം ട്രയൽ മാത്രമാണെന്ന സർക്കാർ നിലപാട് വന്നത്. സുചിത്രയുടെ കുടിലിൽ എത്തിയ ഗിരിജ റൈറ്റ്സിന്റെ ഓൺലൈൻ ക്ലാസ്സ്‌ റൂം ആയ ഭീം ഓൺലൈൻ ക്ലാസ്സ്‌ റൂമിന്റെ ലിങ്ക് കുട്ടികൾക്ക് കൈമാറുകയും, അതിനെ കുറിച്ച് വിശദീകരിച്ചു നൽകുകയും ചെയ്തു.

ഈ ലിങ്കിലുള്ള ക്ലാസ്സിൽ ഒൻപത്, പത്തു ക്ലാസ്സുകളിലെ മുഴുവൻ വിഷയങ്ങളുടെയും എല്ലാ പാഠ ഭാഗങ്ങളുടെയും ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള വിശദമായ വീഡിയോ ക്ലാസ്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സ്വന്തമായി ആൻട്രോയ്ഡ് ഫോണോ, ടാബ്ലെറ്റോ ഉള്ള എല്ലാ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്കും ഈ സേവനം ലഭ്യമാക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. ജൂൺ 12ഓടെ എല്ലാകുട്ടികൾക്കും ക്ലാസ്സ്‌ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.