കണ്ണൂർ: നിയമങ്ങളെ നോക്കുകുത്തിയാക്കി പുഴകൾ കൈയേറുന്ന സ്വകാര്യവ്യക്തികളെ നിലയ്ക്കുനിർത്താനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. പുഴപുറമ്പോക്ക് അളന്ന് തിരിച്ചു പിടിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ തീരുമാനമായെങ്കിലും നടപടിയില്ലാത്തത് ഇത്തരക്കാർക്ക് പിടിവള്ളിയാകുന്നു. കക്കാട് പുഴയുടെയും വളപട്ടണം പുഴയുടെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റക്കാർക്ക് നോട്ടീസ് നൽകാനും ഇതിന് നികുതിയൊടുക്കുന്നത് ഒഴിവാക്കാനുമുള്ള തീരുമാനങ്ങളാണ് നീണ്ടുപോകുന്നത്.

കക്കാട് പുഴയുടെ നാലര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയടക്കിയെന്ന് തഹസിൽദാറിന്റെ സർവ്വെ റിപ്പോർട്ടുണ്ട്. ജില്ലയിൽ ഇരിട്ടി അയ്യൻകുന്ന് കുണ്ടൂർപുഴ, വളപട്ടണം,​ പാമ്പുരുത്തി, കീരിയാട്, ആറളം ബാവലി തുടങ്ങിയ പുഴയോരങ്ങളിലാണ് അനധികൃത കൈയേറ്റങ്ങൾ നടക്കുന്നത്. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഉപയോഗശ്യൂന്യമായ കല്ലുകളും മറ്റും ഉപയോഗിച്ച് പുഴയെ തങ്ങളുടെ ഇംഗിതത്തിനു അനുസരിച്ച് വഴി മാറ്റുകയാണ്.

വളപട്ടണം പുഴയുമായി അതിർത്തി പങ്കിടുന്ന ചിറക്കൽ പഞ്ചായത്തിലെ കീരിയാട്, എരുമ്മൽ വയൽ, വള്ളുവൻകടവ്, കാട്ടാമ്പള്ളി മുനമ്പ്, പത്തായ ചിറ, തൈക്കണ്ടി ചിറ, കല്ലുകെട്ട് ചിറ എന്നീ സ്ഥലങ്ങളിലും പരക്കെ കൈയേറ്റമുണ്ട്. മുഴുവൻ കൈയേറ്റവും കണ്ടെത്താനും അനധികൃത നിർമ്മാണം നടത്തിയ വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാനുമുള്ള തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്.

പുഴയുടെ അതിർത്തി നിർണയിച്ച് അടിച്ച കുറ്റികൾ പോലും കാണാനില്ല. കീരിയാട് മേഖലയിൽ നേരത്തെ സർവ്വേ നടത്തി അതിർത്തി നിർണയിച്ച് ഇട്ട കല്ലുകളും കാണാനില്ല.

മെലിഞ്ഞ് മെലിഞ്ഞ് ബാവലി

ആറളത്ത് ബാവലി പുഴയുടെ പുറമ്പോക്ക് കൈയേറ്റത്തിന്റെ കെടുതിയിലാണിന്ന്. പാലം നിർമിക്കുന്നതിന് മുമ്പ് തോണിക്കടവായി ഉപയോഗിച്ച സ്ഥലം സ്വകാര്യ ഭൂമിക്കൊപ്പമാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. പുഴയുടെ പകുതിയോളം വരുന്ന കരഭാഗത്ത് വലിയ ചാലുകൾ കീറിയാണ് മണ്ണിട്ടിരിക്കുന്നത്. പുഴക്കരയിൽ ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് നിർമ്മിക്കുന്നത് നേരത്തെ വില്ലേജ് അധികൃതർ ഇടപെട്ട് നിർത്തിവയ്പ്പിച്ചിരുന്നു. എന്നാൽ രാത്രികാലങ്ങളിൽ പുഴ നികത്താനുള്ള ശ്രമം ഇവിടെ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പുഴ ഗതിമാറി ഒഴുകിയപ്പോൾ പ്രദേശത്തെ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി ഇടിഞ്ഞ് പുഴയുടെ ഭാഗമായിരുന്നു. പുഴയിലേക്ക് ഇടിഞ്ഞ ഭൂമി കെട്ടിയെടുക്കുകയെന്ന വ്യാജേന പുറമ്പോക്ക് കൂടി കൈയേറി മണ്ണിട്ട് നികത്താൻ ശ്രമം നടക്കുന്നെന്നാണ് പരാതി.

ബൈറ്റ്

ചിറക്കൽ ഗ്രാമപഞ്ചായത്തിലും വളപട്ടണം പഞ്ചായത്തിലും പുഴ സംരക്ഷണത്തിനായി പ്രാദേശിക സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ശക്തമായ ഇടപെടലില്ല. അധികൃതരുടെ ഇടപെടൽ കാര്യക്ഷമമായാൽ മാത്രമെ പുഴ കൈയേറ്റം അവസാനിപ്പിക്കാൻ കഴിയുള്ളൂ

ദിനേശൻ, നാട്ടുകാരൻ