കണ്ണൂർ: കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം വഴിയുള്ള സൗജന്യ ചികിത്സ തുടർന്നും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടും രോഗികളെ കൈവിട്ട് ആശുപത്രികൾ. ഹീമോഫീലിയ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവരാണ് ഇതിലൂടെ ദുരിതത്തിലായത്. ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
2021 മാർച്ച് 31 വരെ കാരുണ്യ വഴിയുള്ള ചികിത്സ മുടങ്ങില്ലെന്നും അതിനുള്ള നടപടികൾ സ്വികരിക്കുമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
എന്നാൽ രോഗികൾ ആശുപത്രിയിൽ എത്തുമ്പോൾ ആശുപത്രി അധികൃതർ ഇക്കാര്യം അറിയില്ലെന്ന് പറയുന്നതോടെ മരുന്നുകളും ചികിത്സയും പൂർണമായും മുടങ്ങുന്ന അവസ്ഥയായി. സാധാരണ മാസത്തിൽ 12 ഡയാലിസിസ് കാരുണ്യ ചികിത്സാ സഹായത്തിലൂടെ സൗജന്യമായി ഇവർക്ക് ലഭിക്കുമായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഡയാലിസിസിന് വിധേയമാകേണ്ടി വന്ന രോഗികൾക്ക് മുഴുവൻ തുകയും ബിൽ അടയ്‌ക്കേണ്ടി വന്നു. ഇത് അറിയാതെ വളരെ ബുദ്ധിമുട്ടി ആശുപത്രിയിൽ എത്തിയ രോഗികളിൽ പലരും ചികിത്സ ലഭിക്കാതെ തിരിച്ചു പോകുകയാണ് ചെയ്തത്.
അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഇത് ജീവനു തന്നെ ഭീഷണിയാണ്. ഡയാലിസിസിന് പുറമെ മരുന്നുകൾക്കും വൻതുകയാണ് ഇവർ നൽകേണ്ടി വരുന്നത്. കാരുണ്യ ബെനവലന്റ് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് നികുതി വകുപ്പ് ഇനി പണം നൽകില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഇതോടെ സൗജന്യ ചികിത്സ തുടരണമെങ്കിൽ ഇനി ആരോഗ്യവകുപ്പ് സ്വയം ഫണ്ട് കണ്ടെത്തണം.
വെട്ടിലായത് രോഗികൾ
കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സഹായം തേടുന്ന എല്ലാവരേയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും ഉൾപ്പെടുത്താനാകില്ല. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പാക്കേജ് രീതിയിലായതിനാൽ പല ചികിത്സകൾക്കും ആവശ്യമായ തുക ലഭിക്കില്ല. സ്വകാര്യ ആശുപത്രിയിൽ കാരുണ്യ ചികിത്സാ സഹായം പൂർണ്ണമായും നിർത്തലാക്കി എന്നാണ് രോഗികൾ പറയുന്നത്.
പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ സർക്കാർ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവിറക്കണം. ഡയാലിസിസ് രോഗികൾ ഉൾപ്പെടെ നിരവധി പേർ ഏറെ ബുദ്ധിമുട്ടിയാണ് ചികിത്സ തുടരുന്നത്.
- പി.പി. കൃഷ്ണൻ, ചെയർമാൻ, കിഡ്‌നി കെയർ കേരള