ചെറുവത്തൂർ: കയ്യൂർ-ചീമേനിയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നൂറ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. പോത്താംകണ്ടം പ്രദേശത്താണ് ആദ്യം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ആലന്തട്ട, ചീമേനി, മയ്യിൽ, പട്ടോളി, ചെറിയാക്കര, കിഴക്കേക്കര, ഞണ്ടാടി, വെള്ളാട്ട് തുടങ്ങിയ പ്രദേശങ്ങളിലടക്കം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങൾ ഡെങ്കി ഭീതിയിലാണിപ്പോൾ.
ആരോഗ്യ പ്രവർത്തകർ കൊവിഡ് പ്രതിരോധ തിരക്കിലായതിനാൽ കൂടുതൽ ശ്രദ്ധ ഈ പ്രദേശങ്ങളിൽ പതിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പറയുന്നുണ്ട്. കൊതുകിനെ അകറ്റാൻ പ്രദേശത്ത് ഫോഗിംഗ് നടത്തുന്നുണ്ട്. കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന തരത്തിൽ റബ്ബർ, കമുക് തോട്ടങ്ങൾ എന്നിവ ധാരാളമായുള്ള പ്രദേശം കൂടിയാണ് കയ്യൂർ ചീമേനി.