padannakkad
പടന്നക്കാട് കാർഷിക കോളേജ് തോട്ടത്തിൽ പാകാൻ പാകത്തിൽ തയ്യാറാക്കിയ തെങ്ങിൻ തൈകൾ

കാഞ്ഞങ്ങാട്: ഇടവപ്പാതി കാലത്ത് നടാൻപാകത്തിൽ തയ്യാറാക്കിയ ഒന്നരലക്ഷം തെങ്ങിൻ തൈകൾ സർക്കാർ ഉത്തരവ് കാത്തുകിടക്കുന്നു. പടന്നക്കാട് കാർഷിക കോളേജ്, പിലിക്കോട്, കാസർകോട് സി.പി.സി.ആർ.ഐ എന്നിവിടങ്ങളിലായാണ് ഇത്രയും തെങ്ങിൻ തൈകൾ ഉള്ളത്. സംസ്ഥാന സർക്കാറിന്റെ കേരഗ്രാമം കേരസമൃദ്ധി പദ്ധതി പ്രകാരം കർഷകർക്ക് നൽകാനാണ് ഇത്രയും തൈകൾ മുളപ്പിച്ചതെന്ന് കാർഷിക കോളേജ് അധികൃതർ പറയുന്നു.

ഒരു വാർഡിൽ 75 സങ്കരയിനം, 75 നാടൻ, 75 കുള്ളൻതൈകളാണ് നട്ടുപിടിപ്പിക്കേണ്ടത്. അഞ്ചു വർഷം കൊണ്ട് കേരളത്തിൽ കേരഗ്രാമം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. പടന്നക്കാട്ട് മാത്രം 20000 തൈകളാണ് തയ്യാറാക്കിയിട്ടുള്ളത്. പിലിക്കോട് 40,000 തൈകൾ മുളപ്പിച്ചിട്ടുണ്ട്. ജൂൺ-ജൂലായ് മാസങ്ങളിൽ മഴ നന്നായി കിട്ടുന്ന സന്ദർഭത്തിലാണ് തെങ്ങിൻ തൈകൾ പാകേണ്ടത്. വേര് ആഴത്തിൽ പോകാൻ ഇതുകൊണ്ടു സാധിക്കും. സർക്കാർ ഉത്തരവ് ഇല്ലാത്തതുകൊണ്ടു തന്നെ കർഷകർ സ്വകാര്യ നഴ്‌സറികളെ ആശ്രയിക്കുകയാണ്. ഗുണമേന്മ കുറഞ്ഞ തൈകളാണ് ഇവിടങ്ങളിൽ നിന്നും കർഷകർക്ക് ലഭിക്കുന്നത്.