കണ്ണൂർ: സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കു നടന്ന അദ്ധ്യാപക നിയമനങ്ങളുടെ റാങ്ക് ലിസ്റ്റിന് കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. വിവിധ കോളേജുകളിലെ 15 അദ്ധ്യാപകർ, പഠനവകുപ്പിലെ ഒരദ്ധ്യാപകൻ എന്നിവരുടെ സ്ഥാനക്കയറ്റം, ഒരു കോളേജ് അദ്ധ്യാപകന്റെ നിയമനം എന്നിവയ്ക്ക് അംഗീകാരം നൽകി.

ബയോടെക്നോളജി, മൈക്രോ ബയോളജി പഠനവിഭാഗത്തിൽ കമ്പ്യുട്ടേഷനൽ ബയോളജി ബിരുദാനന്തര ബിരുദ പ്രോഗ്രാം തുടങ്ങാൻ തീരുമാനമായി. ഇതിന് വേണ്ട പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഡീൻ കൂടിയായ സിൻഡിക്കേറ്റ് അംഗം ഡോ. കെ. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. സിൻഡിക്കേറ്റ് അംഗം ഡോ. കെ. അജയകുമാറിന് പരീക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ കൺവീനറായി അധിക ചുമതല നൽകി.

പുതിയതായി സിൻഡിക്കേറ്റിൽ നോമിനേറ്റ് ചെയ്യപ്പെട്ട പി. മഹേഷ് കുമാർ, ഡോ. കെ. ശ്രീജിത്ത്, പ്രൊഫ. വി. ലിസി മാത്യു എന്നിവരുടെ കമ്മിറ്റി ചുമതലകൾ നിശ്ചയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ യു ജി സി മാർഗനിർദ്ദേശമടക്കം പരിഗണിച്ച് എം.ഫിൽ, പിഎച്ച്.ഡി ഗവേഷകർക്ക് പ്രബന്ധം സമർപ്പിക്കാൻ ആറുമാസത്തെ അധിക സമയം അനുവദിച്ചു. ഗവേഷകർക്ക് ലോക്ക് ഡൗൺ കാലയളവിൽ ഹാജർ അനുവദിക്കും. വിദൂര വിദ്യാഭ്യാസ അവസാന വർഷ പരീക്ഷകൾക്ക് അഫിലിയേറ്റഡ് കോളേജുകൾ കേന്ദ്രമായി അനുവദിക്കാനും തീരുമാനമായി.

സാനിട്ടറൈസേഷൻ ആവശ്യങ്ങൾക്കുള്ള തുക അനുവദിക്കാനും ആറ്‌ ഗവേഷകർക്ക് പിഎച്ച്.ഡി നൽകാനും തീരുമാനിച്ചു. സർവകലാശാല സെനറ്റിലെ പ്രമേയങ്ങൾ പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതികളെ ചുമതലപ്പെടുത്തി. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.