കണ്ണൂർ: ലോക്ക് ഡൗണിൽ ഇളവ് വരുത്തി സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയ ദിവസം തന്നെ സ്വകാര്യ ബസുകൾ പണിമുടക്കിയത് ജനത്തെ വലച്ചു. രാവിലെ ബസ് സ്റ്റോപ്പുകളിൽ എത്തിയതോടെയാണ് പലരും സ്വകാര്യ ബസ് സമരത്തെ കുറിച്ച് അറിഞ്ഞത്. കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതൽ സർവ്വീസ് നടത്തിയത് കുറച്ച് ആശ്വാസമായി.

നിശ്ചിത യാത്രക്കാരെ മാത്രം കയറ്റിയാൽ മതിയെന്ന പൊലീസ് നിബന്ധനയും യാത്രക്കാർക്ക് വിനയായി. പ്രധാന നഗരങ്ങളിൽ നിന്നു തന്നെ സീറ്റുകൾ നിറഞ്ഞപ്പോൾ മറ്റു സ്റ്റോപ്പുകളിൽ കാത്തുനിന്ന യാത്രക്കാർക്ക് കയറാനായില്ല.

പൊതുഗതാഗതം കുറഞ്ഞപ്പോൾ ജനം സ്വകാര്യ വാഹനങ്ങളെടുത്ത് റോഡിലിറങ്ങിയപ്പോൾ പതിവിലും വ്യത്യസ്തമായ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. മേലെചൊവ്വയിൽ രാവിലെ മുതൽ വൈകിട്ട് വരെ നല്ല ഗതാഗത കുരുക്കായിരുന്നു.