കണ്ണൂർ: ജില്ലയിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മുംബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കരിപ്പൂർ വിമാനത്താവളം വഴി മേയ് 28ന് ബഹറിനിൽ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ നടുവിൽ സ്വദേശി 27കാരൻ, ജൂൺ മൂന്നിന് ഷാർജയിൽ നിന്ന് എസ്ജി 9004 വിമാനത്തിലെത്തിയ ആന്തൂർ സ്വദേശികളായ 40കാരൻ, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ. മേയ് 26നാണ് പയ്യന്നൂർ സ്വദേശി 58കാരൻ മുംബൈയിൽ നിന്നെത്തിയത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതിൽ 146 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ ജില്ലയിൽ 9422 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 8984 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8612 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8110 എണ്ണം നെഗറ്റീവാണ്. 372 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.