പാനൂർ: മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ മൂത്തമകൻ കെ.പി ദിവാകരൻ പാനൂരിന്റെ സൗമ്യമുഖമായിരുന്നു. സഹായഹസ്തവുമായി ചെല്ലുന്നവരുടെ മുന്നിൽ എന്നും ഉദാരതയോടെ പെരുമാറിയ മനുഷ്യൻ. പാനൂർ മേഖലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ നാലോളം സ്‌കൂളുകളുടെ മാനേജർ കൂടിയാണ്. പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി, കെ.കെ.വി.എം. പാനൂർ ഹയർ സെക്കൻഡറി, കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി, വിളക്കോട്ടൂർ ശ്രീകൃഷ്ണവിലാസം എന്നീ വിദ്യാലയങ്ങളുടെ മനേജറായി പ്രവർത്തിച്ചു വന്നു.

മിതഭാഷിയായ അദ്ദേഹം അദ്ധ്യാപകർക്ക് പ്രിയങ്കരനായിരുന്നു. അവരുടെ കഴിവിനെ മാനിക്കുന്ന അദ്ദേഹം ഒരിക്കലും കർശന നിലപാടുകൾ സ്വീകരിക്കാറില്ല. മുൻമന്ത്രിയായിരുന്ന കെ.പി. മോഹനന്റെ രാഷ്ട്രീയവളർച്ചയിലും ഇദ്ദേഹത്തിന്റെ കരങ്ങളുണ്ട്. മേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ നിർണായക ഇടപെടലും കെ.പി. ദിവാകരൻ നടത്തിയിരുന്നു. പാനൂർ അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം അതിന്റെ പ്രസിഡന്റു കൂടിയാണ്.

ബംഗളൂരുവിൽ എൽ .ആർ. ഡി .ഇ യിൽ ഉദ്യോഗസ്ഥനായ ദിവാകരനെ നാട്ടിലേക്ക് തിരിച്ചുവിളിച്ചത് പിതാവ് പി.ആറാണ്. രാഷ്ടീയത്തിരക്കിനിടയിൽ കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കാനായിരുന്നു അത്.

ഗ്രാമീണരായ സാധാരണക്കാരിൽ നൂതനമായ ഒരു ചലച്ചിത്ര സംസ്‌ക്കാരം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം സ്ഥാപിച്ച പത്മാ ടാക്കീസിനുള്ള പങ്ക് ഏറെ വലുതാണ്. നാല് പതിറ്റാണ്ടിലേറെക്കാലം പത്മ ടാക്കീസ് പാനൂർ ടൗണിന്റെ ഹൃദയതാളമായി നിലനിന്നു. ഇവിടെ വന്ന് സിനിമ കാണാത്ത ഒരാളുപോലും അക്കാലത്തുണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. പാനൂരിന്റെ കിഴക്കൻ മേഖലയിൽ ഉള്ളവർക്കുൾപ്പടെ സിനിമ കാണാനുള്ള അവസരം കൂടിയായിരുന്നു ടാക്കീസ്.