കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നാളെ അക്കരെ സന്നിധാനത്ത് നടക്കും. കോട്ടയം രാജവംശത്തിലെ കിഴക്കേ കോവിലകം വകയാണ് ഈ വിശേഷാൽ ആരാധന.
തെക്കേ കോവിലകം രേവതി ആരാധനയും പടിഞ്ഞാറേ കോവിലകം രോഹിണി ആരാധനയും നടത്തുന്നു. അതത് കോവിലകത്തിന്റെ ആരാധനാ ദിവസം കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ നൽകുന്നത് അതത് കോവിലകങ്ങളിൽ നിന്നാണ്. ഇളനീർ വെപ്പിന് ശേഷമുള്ള പകൽ അഷ്ടമി ആരാധന നടക്കും.
ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. തുടർന്ന് നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് 'ശീവേലിക്ക് വിളിക്കുന്നതോടെ' എഴുന്നള്ളത്തിന് തുടക്കമാവും. സാധാരണയായി തിരുവോണ ആരാധനാ ദിവസം മുതൽ വിശേഷ വാദ്യങ്ങളുണ്ടാവും. ശീവേലിക്ക് സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് നടക്കുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആനയും വാദ്യങ്ങളും ഭക്തജനങ്ങളുമില്ലാതെ ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. തിരുവോണം ആരാധന മുതലാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നത്.