മാഹി: പോയ നാടുകളെയും ചരിത്രങ്ങളെയും ചിത്രങ്ങളിലൂടെ രേഖപ്പെടുത്തുന്നതായി ഈസ്റ്റ് പള്ളൂരിലെ ആർട്ടിസ്റ്റ് ടി .എം സജീവന്റെ ലോക്ക് ഡൗൺകാലവിശേഷം.യാത്രകളെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം എങ്ങും പോകാനായില്ലെങ്കിലും മനസ്സിൽ പച്ച പിടിച്ചുനിൽക്കുന്ന വഴികളെയും അനുഭവങ്ങളെയും പകർത്തുകയായിരുന്നു.
യാത്രയിലെ കാഴ്ചകൾ ചിത്രമാക്കി ഒരു ചരിത്രകാരനിലേക്ക്് പരകായപ്രവേശം നടത്തുകയാണ് സജീവൻ.അജന്ത, എല്ലോറ, സിത്തനവാസൽ ഗുഹാചിത്രങ്ങളും ശില്പങ്ങളുമൊക്കെ സജീവൻ കാൻവാസുകളിൽ പകർത്തി.ഖജ് രാഹോയിലെ ശില്പങ്ങളും ജൈനക്ഷേത്രങ്ങളിലെ ശില്പ ഭംഗിയും ചരിത്രശേഷിപ്പുകളായ ത്സാൻസി, ദൗലത്ത്ബാദ്, ഗോൾക്കോണ്ട തുടങ്ങിയ നിരവധി കോട്ടകളും രചനയ്ക്ക് വിഷയമായി.
ചിത്രങ്ങളിലധികവും ജലഛായത്തിലാണ് വരച്ചതെങ്കിലും ബുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ചിത്രങ്ങൾ അക്രിലിക്കിലാണ് പൂർത്തിയാക്കിയത്. മാഹി ഉസ്മാൻ ഗവ: ഹൈസ്‌കൂളിലെയും ഗവ. മിഡിൽ സ്‌കൂൾ അറോത്തിലെയും ചിത്രകലാ അദ്ധ്യാപകനാണ് സജീവൻ. തലശ്ശേരി സ്‌കൂൾ ഓഫ് ആർട്സിൽ നിന്നും തുടക്കം കുറിച്ച ശേഷം തമിഴ്നാട്, കർണ്ണാടകം എന്നിവിടങ്ങളിലാണ് ഇദ്ദേഹം ചിത്രകലാ പഠനം പൂർത്തിയാക്കിയത്. മാഹിയിലെയും പരിസരത്തെയും മിക്ക ചിത്രകലാ ക്യാമ്പുകളുടെയും സംഘാടകൻ കൂടിയാണ് സജീവൻ.