കാസർകോട്: എക്സൈസ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 105 ലിറ്റർ വാഷും 17.28 ലിറ്റർ കർണാടക മദ്യവും 500 ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് ഇത്രയും ലഹരിവസ്തുക്കൾ പിടികൂടിയത്.
ബന്തടുക്ക റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ എ.ബി അബ്ദുള്ളയും സംഘവും നടത്തിയ പരിശോധനയിൽ കാസർകോട് താലൂക്കിലെ കൊളത്തൂർ വില്ലേജിൽ മുന്തൻ ബസ്സാർ കോളനിയിൽ നിന്ന് 75 ലിറ്റർ വാഷ് പിടികൂടി. ഗോപാലൻ എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു. വെള്ളരിക്കുണ്ട് താലൂക്കിൽ എളേരി വില്ലേജിൽ നാട്ടക്കല്ലിൽ പ്രിവന്റീവ് ഓഫീസർ നാരായണനും സംഘവും നടത്തിയ പരിശോധനയിൽ 30 ലിറ്റർ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. ബന്തടുക്ക റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എ ബി അബ്ദുള്ളയും സംഘവും നടത്തിയ പരിശോധനയിൽ കരിവേടകം മൂടംകയത്തു നിന്ന് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണ്ണാടക മദ്യം പിടിച്ചെടുത്തു. കാസർകോട് നഗരസഭയിലെ ബിരന്ത് വയലിൽ റെയിൽവെ ട്രാക്കിന് സമീപത്തു എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രമേശും സംഘവും നടത്തിയ പരിശോധനയിൽ 8.64 ലിറ്റർ കർണാടക മദ്യം കണ്ടെടുത്തു.