pic

കാലിക്കടവ് (കാസർകോട്): ഓലാട്ട് പട്ടികജാതി കോളനിയിലെ എം. തമ്പാന്റെ (60) ദുരൂഹ മരണം പാർട്ടി ശക്തികേന്ദ്രത്തിൽ സി.പി.എം നേതൃത്വത്തിന് തലവേദനയായിരിക്കെ, എതിർ ചേരിയുടെ അപ്രതീക്ഷിത നീക്കം ആരോപണ വിധേയനായ അദ്ധ്യാപകനെ കൂടുതൽ പ്രതിരോധത്തിലാക്കും. കോളനിവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ നീക്കം. ഓലാട്ട് കോളനിയിലെ സി.പി.എം പ്രവർത്തകൻ ബാലകൃഷ്ണന്റെ മകനായ പ്ലസ്‌ടു വിദ്യാർത്ഥിയാണ് ഇന്നലെ ചീമേനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കൊടക്കാട് ഗവ. വെൽഫെയർ സ്കൂളിലെ അദ്ധ്യാപകനും സി.പി.എം പ്രവർത്തകനുമായ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മരിച്ച തമ്പാനെ തടഞ്ഞു നിറുത്തി മർദ്ദിച്ചുവെന്നും തന്നെയും ആക്രമിച്ചു തള്ളിയിട്ടുവെന്നും വിദ്യാർത്ഥി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

വിവാദ സംഭവം നടക്കുമ്പോൾ ബാലകൃഷ്ണന്റെ മകനും സ്ഥലത്തുണ്ടായിരുന്നു. മെയ് 28 ന് വൈകുന്നേരം കൂക്കാനത്തെ കടയിൽ നിന്നും ശർക്കര വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന തമ്പാനെ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും അതിനെ തുടർന്ന് മൂന്നാം ദിവസം മരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തമ്പാന്റെ പക്കൽ നിന്ന് ശർക്കര പിടിച്ചെടുത്തുവെന്നും എത്തിയാൽ കസ്റ്റഡിയിൽ എടുക്കാമെന്നും പറഞ്ഞു സ്‌കോഡിന് നേതൃത്വം നൽകിയ അദ്ധ്യാപകനായ മനോഹരൻ ചീമേനി സി. ഐ അനിൽകുമാറിനെ വിളിച്ചിരുന്നു. സ്ഥലം പയ്യന്നൂർ പൊലീസ് പരിധിയിലായതിനാലും ശർക്കര മാത്രം പിടിച്ചതിനാലും സി.ഐ പോകാൻ വിസമ്മതിക്കുകയായിരുന്നു. ശർക്കര മാത്രം പിടിച്ചാൽ കേസ് എടുക്കാൻ കഴിയില്ലെന്നും താക്കീത് ചെയ്തുവിട്ടാൽ മതിയെന്നുമാണ് സി.ഐ മറുപടി നൽകിയത്. കൂക്കാനത്തെ ഒരു കടയിൽ നിന്നാണ് വ്യാജവാറ്റ് സംഘം പതിവായി ശർക്കര വാങ്ങിക്കുന്നതത്രെ. ലോക്ക്ഡൗൺ കാലത്ത് ഇത് ഇരട്ടിച്ചു. ഒരു ദിവസം 150 കിലോ ശർക്കര വിറ്റഴിക്കുന്ന കടയുടമയെ പൊലീസ് വിളിച്ചു താക്കീത് ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തിട്ടില്ല. സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ കൂക്കാനം പ്രദേശത്തായതിനാൽ ചീമേനി പൊലീസ് കേസെടുത്തു പയ്യന്നൂർ പൊലീസിന് കൈമാറുമെന്നാണ് കരുതുന്നത്. തമ്പാനെ മർദ്ദിച്ചത് സംബന്ധിച്ച് ആ ദിവസം പരാതി നൽകിയിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞു മരിച്ചതിന് ശേഷമാണ് സംശയമുണ്ടെന്ന് ആരോപിച്ചു കോളനിവാസികൾ രംഗത്തുവന്നത്.