ഓലാട്ട് (കാസർകോട്): ഓലാട്ട് കോളനിയിലെ തമ്പാന്റെ മരണവുമായി ബന്ധപ്പെടുത്തി സി.പി.എമ്മിനെയും സാംസ്കാരിക പ്രവർത്തകനായ അദ്ധ്യാപകനെയും സംബന്ധിച്ച് പ്രചരിക്കുന്ന വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സി.പി.എം കൊടക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി. ഭൂരിപക്ഷം പട്ടികജാതി വിഭാഗങ്ങൾ താമസിക്കുന്ന ഓലാട്ട് കോളനി വിദ്യാഭ്യാസ പരമായും സാംസ്കാരികമായും ഇതര പ്രദേശങ്ങളെ പോലെ മുൻനിരയിലാണ്. വ്യാജ വാറ്റിനെതിരെ നിരന്തരമായ ക്യാമ്പയിനുകളാണ് ഇവിടെ ഏറ്റെടുക്കുന്നത്. അതിനിടയിലാണ് യാദൃശ്ചികമായ സംഭവം ഉണ്ടായത്.
കോളനിയിൽ ഒറ്റപ്പെട്ട വ്യക്തികൾ വ്യാജവാറ്റ് തുടർന്ന് വരുന്നുണ്ട്. അതിലൊരാൾ ആയിരുന്നു തമ്പാൻ. രണ്ട് തവണ ഇയാളെ പൊലീസും എക്സൈസും പിടികൂടി റിമാന്റിലാക്കിയിട്ടുണ്ട്. മരിക്കുന്നതിനും മൂന്ന് ദിവസം മുൻപ് കൂക്കാനത്ത് നിന്നും വാറ്റിന് ആവശ്യമായ ശർക്കര വാങ്ങി വീട്ടിലേക്ക് വരുമ്പോൾ അവിടുത്തെ പാർട്ടി പ്രവർത്തകർ അന്വേഷിക്കുകയും മനോഹരൻ മാസ്റ്ററെ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടെ വാക്കുതർക്കങ്ങൾ ഉണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ ഒരാളുടെ മരണത്തിന് ഇടയാക്കുന്ന വിധമുള്ള അക്രമമോ, അടിയോ ഉണ്ടായിട്ടില്ല എന്നുള്ളതും സത്യമാണ്. മാരക അസുഖങ്ങളുള്ള തമ്പാൻ മൂന്ന് ദിവസം കഴിഞ്ഞ് ഹൃദയസ്തംഭനം മൂലം മരണപ്പെടുകയാണുണ്ടായത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പെരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തുകയും അതിൽ വളരെ വ്യക്തമായും മരണകാരണം ഹൃദയസ്തംഭനമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തന്നെയാണ് പോസ്റ്റ്മാർട്ടം നടന്നത്. അതുകൊണ്ട് തന്നെ അദ്ധ്യാപകൻ അടിച്ചു കൊന്നുവെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂർവ്വമാണ്. മരണപ്പെട്ട തമ്പാൻ ദളിതനല്ല എന്നതാണ് വസ്തുത. സംഭവത്തെ വളച്ചൊടിച്ച് ദളിത് അക്രമമായി ചിത്രീകരിക്കുന്നവർ ഈ കുപ്രചരണം മനസിലാക്കണം. എന്നാൽ കള്ള പ്രചരണത്തിലൂടെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്ന വ്യക്തി ദളിതനാണു താനും. യഥാർത്ഥത്തിൽ കുറ്റം ചെയ്യാത്ത ഒരു ദളിത് സാംസ്കാരിക പ്രവർത്തകനെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നവരാണ് ദളിത് വേട്ട നടത്തുന്നത്. മരണപ്പെട്ട തമ്പാൻ ഭാര്യ വീട്ടുകാരോടൊപ്പമാണ് താമസിച്ചിരുന്നത്. അവർക്ക് കോളനിയിൽ ജനകീയാസൂത്രണ ഘട്ടത്തിൽ വീട് നിർമിച്ചു നൽകി എങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം ആ വീട് തൊട്ടടുത്ത ക്ഷേത്രത്തിന് വിൽക്കുകയാണുണ്ടായത്. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും പട്ടികജാതി വികസന ഫണ്ടും ഉപയോഗപ്പെടുത്തി വീട് നിർമാണത്തിന് സഹായം നൽകി എങ്കിലും തുക കൈപറ്റി വീട് നിർമിക്കാതെ പണം ചിലവാക്കുകയാണുണ്ടായത് . ഓലാട്ട് കോളനിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ആനുകൂല്യം പറ്റാത്ത ഒരു കുടുംബവും ഉണ്ടാകില്ല. സർക്കാർ സഹായത്തോടെ വീട് ലഭിക്കാത്തവരുമില്ല. മദ്യവർജന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനെതിരെ നീങ്ങുന്നത് തികച്ചും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് സി.പി.എം കൊടക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.