pic

കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് പതിനായിരത്തോളം ആളുകളാണ് കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ എണ്ണത്തിൽ സ്ഥിരതയുണ്ടെങ്കിലും ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ചെറിയ വർദ്ധനയുണ്ട്. ജില്ലയിൽ നാല് പേർക്കാണ് ഏറ്റവും ഒടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ വിദേശത്ത് നിന്നെത്തിയതും ഒരാൾ മുംബയിൽ നിന്നെത്തിയ ആളുമാണ്. സമ്പർക്കം വഴി രോഗം വ്യാപിക്കാത്തത് ആശ്വാസമാകുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളം വഴി മെയ് 28ന് ബഹറിനിൽ നിന്ന് ഐ.എക്സ് 1376 വിമാനത്തിലെത്തിയ നടുവിൽ സ്വദേശിയായ 27കാരൻ, ജൂൺ മൂന്നിന് ഷാർജയിൽ നിന്ന് എസ്.ജി9004 വിമാനത്തിലെത്തിയ ആന്തൂർ സ്വദേശികളായ 40കാരൻ, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ. മെയ് 26നാണ് പയ്യന്നൂർ സ്വദേശിയായ 58കാരൻ മുംബയിൽ നിന്നെത്തിയത്.

ഇതോടെ ജില്ലയിൽ 116 കൊവിഡ് ബാധിതരാണ് ചികിത്സയിൽ തുടരുന്നത്. നിലവിൽ ജില്ലയിൽ 9422 പേരാണ് നിരീക്ഷണത്തിൽ ഉള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരിൽ 175 പേർ ആശുപത്രിയിലും 9247 പേർ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 49 പേരും കൊവിഡ് ട്രീറ്റ്മെന്റ സെന്ററിൽ 72 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 30 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്.