കണ്ണൂർ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 50 സ്മാർട്ട് ടിവികൾ ഒരുക്കി ദയ ചാരിറ്റബിൾ ട്രസ്റ്റ്. കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി സ്‌കൂൾ ക്ലാസ്സുകൾ ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇ ക്ലാസ് ചലഞ്ച് പദ്ധതി പ്രകാരം 15 ടിവി സെറ്റുകളാണ് ദയ ട്രസ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ ആസിഫ് കെ യൂസഫ് ടിവി സെറ്റുകൾ ഏറ്റുവാങ്ങി.
ടി.വി , സ്മാർട്ട് ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാകാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികളുള്ള മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് തുടരുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ കെ.വി സമേഷ് പറഞ്ഞു. നിലവിൽ 65 ഓളം കോളനികളിൽ ഇതിനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ദയ ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ള സ്ഥാപങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എസ്, എസ്.ടി കോളനികളിലെ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ടി.വിയോ മറ്റ് ഓൺലൈൻ പഠന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ അത് ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ദയ ചാരിറ്റബിൾ ട്രസ്റ്റ് വലിയ പിന്തുണയാണ് നൽകുന്നതെന്ന് സബ് കളക്ടർ ആസിഫ് കെ യൂസുഫ് പറഞ്ഞു.
സ്മാർട്ട്‌ഫോണോ ടി.വിയോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ദായ ചാരിറ്റബിൾ ട്രസ്റ്റ് ഇ ക്ലാസ്സ് ചലഞ്ചു ഏറ്റടുത്തതെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ് പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സമേഷ്, ഡി.ഡി.ഇ മനോജ് കുമാർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.പി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ മാസ്റ്റർ, ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ കെ. രാജേന്ദ്രൻ, രഗിൻ തയ്യിൽ, എം. പ്രദീപൻ, കെ. സന്തോഷ്, അൻഷാദ് കരുവഞ്ചാൽ തുടങ്ങിയവർ പങ്കെടുത്തു.തില്ലങ്കേരി പഞ്ചായത്തിലെ ഇല്ലം കോളനി, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്നാംകുറ്റി കോളനി, പേരാവൂരിലെ ആനക്കുഴി കോളനി, കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരം കോളനി, മുഴക്കുന്ന് പഞ്ചായത്തിലെ പള്ളിപ്പടി കോളനി എന്നിവിടങ്ങളിലാണ് ഈ ടിവി സെറ്റുകൾ കൈമാറുന്നത്.
ഡി.വൈ.എഫ്.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി 10 ടെലിവിഷൻ സെറ്റുകളും ദയ ചാരിറ്റബിൾ ട്രസ്റ്റ് നൽകി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ദയ മെഡിക്കൽസ് എം.ഡി എൻ.കെ. ശ്രീജിത്ത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ടിവികൾ കൈമാറി. ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. എൻ.കെ. സൂരജ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ ഒ.കെ. വിനീഷ്, ദയ മെഡിക്കൽസ് എം.ഡി എൻ.കെ ശ്രീജിത്ത്, മാനേജർ ടി.വി. ജ്യോതീന്ദ്രൻ, ദയ ട്രസ്റ്റ് പ്രവർത്തകരായ കെ. രാജേന്ദ്രൻ, എം. പ്രദീപൻ, രഗിൻ തയ്യിൽ, ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എം. ശ്രീരാമൻ, ട്രഷറർ പി.അനൂപ്, ജോ: സെക്രട്ടറി പി.അഖിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ ഭരണകൂടത്തിനും ഡിവൈഎഫ്‌ഐയ്ക്കും കൈമാറിയതിന് പുറമെയുള്ള ടിവി സെറ്റുകൾ വരുംദിവസങ്ങളിൽ ആവശ്യക്കാർക്കായി വിതരണം ചെയ്യുമെന്നും ദയ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. നേരത്തെ ലോക്ക്ഡൗൺ വേളയിൽ ജില്ലയിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ ക്യാംപുകളിൽ വിനോദ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 10 ടിവി സെറ്റുകളും ദായാചാരിറ്റബിൾ ട്രസ്റ്റ് കൈമാറിയിരുന്നു. അതിഥി തൊഴിലാളികൾ മടങ്ങിയ പശ്ചാത്തലത്തിൽ ഈ ടെലിവിഷൻ സെറ്റുകൾ കൂടി ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത പഠിതാക്കൾക്ക് എത്തിച്ചുനൽകാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.