ചെറുവത്തൂർ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ചെറുവത്തൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുന്നില്ലെന്ന് പരാതി. കുട്ടമത്ത് സ്വദേശിയായ യുവാവിന് രോഗം പിടിപെട്ടതിനെ തുടർന്ന് ചെറുവത്തൂർ പഞ്ചായത്തിലെ പൊന്മാലം വാർഡ് അടച്ചിട്ടിരുന്നു. ദേശീയപാതക്ക് കിഴക്ക് ഭാഗത്തുള്ള മുഴുവൻ കടകളൂം സ്ഥാപനങ്ങളും ആദ്യദിവസം അധികൃതർ അടപ്പിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ രണ്ടു മെഡിക്കൽ ഷോപ്പുകൾ അതിരാവിലെ മുതൽ തുറന്നുവെന്നാണ് പരാതി.

ഹോട്ട്സ്പോട്ട് ഏരിയകളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയാണ് മെഡിക്കൽ ഷോപ്പുകളുടെ പ്രവർത്തനസമയം. ചെറുവത്തൂർ ടൗണിൽ റോഡിന് പടിഞ്ഞാറുഭാഗത്ത് ആറോളം മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ചീമേനി റോഡ് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന വിദേശ മദ്യഷാപ്പും പൊലീസും എക്സൈസും എത്തി അടപ്പിച്ചിരുന്നു. ടോക്കൺ ലഭിച്ചു മദ്യം വാങ്ങാൻ എത്തിയവർ കാത്തുനിൽക്കുമ്പോഴാണ് ബാർ അടപ്പിച്ചത്. തൊട്ടുപിന്നാലെയാണ് കാരിയിൽ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.

പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി റോഡുകൾ അടക്കുകയും പെട്ടിക്കടകൾ വരെ പൂട്ടിക്കുകയും ചെയ്തിരുന്നു. തുരുത്തി, അച്ചാംതുരുത്തി, കിഴക്കേമുറി എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന എരിഞ്ഞിക്കീൽ റോഡ് ഇന്നലെ രാവിലെ തുറന്നുകൊടുത്തിരുന്നു. ഇതിന്റെ മറവിൽ ഹോട്ട്സ്പോട്ട് ഏരിയയിലെ പ്രധാന റോഡുകൾ നാട്ടിലെ ചില പ്രമാണിമാർക്ക് വേണ്ടി തുറന്നെന്നും ആരോപണമുണ്ട്. നാലാം വാർഡിലെ പള്ളിക്കണ്ടം -മടക്കര റോഡ് തുറന്നത് സംബന്ധിച്ചാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. നാട്ടുകാർ പരാതി പറഞ്ഞിട്ടും പൊലീസും ആരോഗ്യവകുപ്പും ഇടപെടുന്നില്ലെന്നാണ് പരാതി.