കാസർകോട്: കാസർകോട് ജില്ലയിൽ നിന്ന് ദക്ഷിണ കർണാടക ജില്ലയിലേക്ക് ജോലിക്കും വ്യാപാരത്തിനും ദിവസവും പോയി വരുന്ന ആളുകൾക്ക് പാസ് അനുവദിക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും ബി.ജെ.പി നേതാക്കളും നടത്തിയ ചർച്ചയിൽ ധാരണയായി. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലപ്പാടി അതിർത്തിയിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തെ തുടർന്ന് ദക്ഷിണ കന്നട ജില്ലയിലെ എം.എൽ.എമാരായ വേദവ്യാസ കാമത്ത്, ഡോ. ഭരത് ഷെട്ടി എന്നിവർ വിളിച്ചുകൂട്ടിയ മധ്യസ്ഥ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
ജോലിക്ക് പോകുന്ന എല്ലാവർക്കും പാസ് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. റോഡുകൾ അടച്ചിട്ട ഗ്രാമങ്ങളുടെ ഗതാഗത പ്രശ്നങ്ങൾ തീർപ്പാക്കാനും ധാരണയായി. പ്രധാനപ്പെട്ട റോഡുകളിലൂടെ തദ്ദേശീയർക്ക് യാത്രാനുമതി നൽകുന്നത് പരിശോധിക്കും. ഇതിനായി പുത്തൂർ, സുള്യ മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നവർക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് ഉള്ളതിനാൽ രണ്ടു സംസ്ഥാന സർക്കാരുകളും ഇടപെട്ട് പ്രശ്ന പരിഹാരത്തിന് സംവിധാനം ഉണ്ടാക്കണം. ദക്ഷിണ കന്നഡ ജില്ലാ അസിസ്റ്റൻറ് കമ്മിഷണർ മദൻ മോഹൻ, എ.സി.പി കോദണ്ഡ രാമ, ദക്ഷിണ കന്നഡ എം.എൽ.എ മാരായ ഡോ. ഭാരത് ഷെട്ടി, വേദവ്യാസ കാമത്ത്, മംഗലാപുരം മേയർ ദിവാകര, കോർപറേറ്റർ സുധീർ ഷെട്ടി, ബി.ജെ.പി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ എം.സുദർശന, കാസർകോട് ജില്ലാ പ്രസിഡന്റ അഡ്വ. കെ . ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എം. സുധാമ ഗോസാഡ, ജില്ലാ വൈസ് പ്രസിഡന്റ അഡ്വ. സദാനന്ദന റൈ, ജില്ലാ സെക്രട്ടറി വിജയ കുമാർ റൈ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കുഞ്ചത്തൂർ ചെക്ക് പോസ്റ്റിൽ നിന്ന് ആരംഭിച്ച മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു . മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം സുധാമ ഗോസാഡ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ തുടങ്ങിയവർ പ്രസംഗിച്ചു.