pic

കാസർകോട്: ആയിരം കിറ്റുകൾ എത്തിയതോടെ കൊവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം അറിയുന്നതിനുള്ള ആന്റിബോഡി ടെസ്റ്റ് കാസർകോട് ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ തുടങ്ങി. മഞ്ചേശ്വരം താലൂക്കിൽ മംഗൽപാടി താലൂക്ക് ആശുപത്രിയും , വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി താലൂക്ക് ആശുപത്രിയും , ഹൊസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രിയും, കാസർകോട് താലൂക്കിൽ ജനറൽ ആശുപത്രിയും പരിശോധന കേന്ദ്രങ്ങളാണ്. ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റ് എത്താതിരുന്നത് കൊണ്ടാണ് ഇന്നലെ തുടങ്ങാതിരുന്നത്. കൈവിരലിൽ നിന്ന് രക്തമെടുത്താകും പരിശോധന. 960 ടെസ്റ്റുകളാണ് ആദ്യഘട്ടത്തിൽ നടത്തുക. 40 കിറ്റുകൾ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനായി മാറ്റിവെക്കും.

ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജന സമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവർ, വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവരെയാണ് പരിശോധിക്കുന്നത് . രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക, പൊലീസ് ,ആശാ, അങ്കണവാടി , ആരോഗ്യ പ്രവർത്തകർ , മാദ്ധ്യമ പ്രവർത്തകർ, ഭക്ഷണം വിതരണം ചെയ്യുന്നവർ, കടകളിൽ ജോലി ചെയ്യുന്നവർ, സന്നദ്ധപ്രവർത്തകർ, സമ്പർക്ക സാദ്ധ്യതയുള്ള ഡ്രൈവർമാർ എന്നിവരെയും പരിശോധിക്കും.

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളെ കേന്ദ്രമാക്കിയും വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും. കൊവിഡ് പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളിൽ ശ്വസന സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, രോഗ ഉറവിടം സ്ഥിരീകരിക്കാത്തവരുടെ പരിസരങ്ങളിൽ ഉള്ളവർ 14 ദിവസത്തിനുള്ളിൽ സംസ്ഥാത്തിന് പുറത്തു നിന്ന് എത്തിയവർ എന്നിവരെയും പരിശോധിക്കും. പരിശോധനക്കായി ഓരോ സ്ഥാപനത്തിലും മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ്‌ടെക്നിഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് കാസർകോട് ഡി.എം.ഒ ഡോ. ഏ.വി രാംദാസ് പറഞ്ഞു.