കണ്ണൂർ: ഇന്നലെ അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ തീരം കൊടും വറുതിയിലേക്ക്. ജൂലായ് 31 വരെയുള്ള 51 ദിവസത്തെ ട്രോളിംഗ് നിരോധനം ജില്ലയിലെ ആയിരക്കണക്കിന് മത്സ്യതൊഴിലാളികളെയാണ് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. കടലിൽപോയ എല്ലാ ബോട്ടുകളും ഇന്നലെ രാത്രിയോടെ അഴീക്കൽ, ആയിക്കര, പുതിയങ്ങാടി, തലായി ഹാർബറുകളിൽ തിരിച്ചെത്തണമെന്നായിരുന്നു അധികൃതരുടെ നിർദേശം.

ലോക്ക് ഡൗണിന് മുൻപ് തന്നെ കടലിലെ മത്സ്യലഭ്യത കുറവ് കാരണം പലരും ബോട്ടുകൾ മാസങ്ങളോളം കരയ്ക്ക് അടുപ്പിച്ചിരുന്നു. ഇത് മത്സ്യതൊഴിലാളികളെയും മറ്റ് അനുബന്ധ തൊഴിലാളികളെയും പട്ടിണിയിലാക്കിയിരുന്നു.പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടലിൽ പോയി മത്സ്യം ലഭിച്ചാൽ പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു.അതിനിടയിൽ രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതിനെ തുടർന്നുണ്ടായ സ‌ർക്കാർ ജാഗ്രതാ മുന്നറിയിപ്പിലും മത്സ്യതൊഴിലാളികൾക്ക് വിനയായി.

തിരിച്ചടികൾ ഒന്നിനെ പിറകെ ഒന്നായി വന്നു കൊണ്ടിരിക്കെ സർക്കാരിൽ നിന്നും ലഭിക്കുന്ന റേഷനും മറ്റ് കിറ്റുകളും കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫിഷറീസ് വകുപ്പ് വഴി ക്ഷേമനിധിയിൽ അംഗങ്ങളായ മത്സ്യ തൊഴിലാളികൾക്ക് 2000 രൂപയും ലഭ്യമാക്കിയിട്ടുണ്ട്.

ട്രോളിംഗ് സമയത്ത് നൽകുന്ന സൗജന്യ റേഷൻ മാത്രമാണ് ഇവർക്ക് ഇനിയുള്ള പ്രതീക്ഷ. പെട്ടെന്നുണ്ടായ ലോക്ക് ഡൗൺ കാരണം ട്രോളിംഗ് നിരോധനത്തിന് മുൻപ് മത്സ്യതൊഴിലാളികൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു.

ട്രോളിംഗ് നിരോധനവുമായി സഹകരിക്കും

മത്സ്യങ്ങളുടെ പ്രത്യുത്പാദനം വർധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിംഗ് നിരോധനവുമായി ജില്ലയിലെ മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ സന്നദ്ധ സംഘടനകളും സഹകരിക്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് തിരിച്ചടികൾ ഒാരോന്നായി വരികയാണ്. മത്സ്യലഭ്യത കുറവ് കാരണം പ്രതിസന്ധിയിലായതോടെയാണ് ലോക്ക് ഡൗൺ വന്നത്. ഇളവു ലഭിച്ചതിനു ശേഷം അപ്രതീക്ഷിതമായി എത്തിയ ശക്തമായ കാറ്റും തിരമാലയും പ്രശ്നമായി.എല്ലാ മേഖലയും പ്രതിസന്ധിയിലായ സാഹചര്യത്തിൽ എങ്ങനെയും മുന്നോട്ടുപോകണം.

ടി.എ. ബീരാൻ, മത്സ്യത്തൊഴിലാളി, കണ്ണൂർ സിറ്റി