കൊൽക്കത്ത: കൊവിഡ് വ്യാപനവും ലോക്ക്ഡൗണിലും ദാരിദ്ര്യം ശക്തമായതോടെ ഇന്ത്യൻ ഗ്രാമീണ മേഖലയിൽ ശൈശവ വിവാഹം പെരുകി. ഭക്ഷണത്തിന് പോലും ഗതിയില്ലാതായതോടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പോലും വിവാഹം ചെയ്ത് അയക്കുകയാണ്. ഇതിനിടെ ബംഗാളിൽ ഒരു പെൺകുട്ടി നടത്തിയ ഒറ്റയാൾ സമരം വൻ ചർച്ചകൾക്ക് ഇടനൽകി.
തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17 കാരിയായ ഒരു പെൺകുട്ടിയാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഹരിഹർപരയിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ മുന്നിലെത്തിയത്. വിവാഹത്തിന് നിർബന്ധിച്ചതോടെ 11 കിലോമീറ്റർ നടന്നായിരുന്നു പെൺകുട്ടി എത്തിയത്.
സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ രാജ്യത്ത് ബാലവേലയും ലൈംഗിക ചൂഷണവും കൂടുകയാണ്. ഉംപുൻ ചുഴലിക്കാറ്റിൽ കൃഷി നശിച്ചതും പല കുടുംബങ്ങളെയും കൊടും ദാരിദ്രത്തിലാക്കിയിട്ടുണ്ട്. ബംഗാളിൽ മാത്രം കർഷക കുടുംബങ്ങളിൽ നിന്നും 136 പെൺകുട്ടികൾ വിവാഹിതരായി. രഹസ്യമായി നടത്തുന്നതിനാൽ യഥാർത്ഥ കണക്ക് ഇതിന്റെ എത്രയോ മടങ്ങ് ആയിരിക്കും.
രാജ്യത്തെ 115 ജില്ലകളിൽ ഇത്തരം ചൂഷണത്തിന് നേതൃത്വം കൊടുക്കുന്ന ഏജന്റുമാരും സജീവമാണ്. രക്ഷിതാക്കൾക്ക് ഒരു തുകയും ഇവർ നൽകുന്നുണ്ട്. ബംഗാളിൽ മുർഷിദാബാദ്, നോർത്ത്, സൗത്ത് 24 പർഗാനകൾ, ഈസ്റ്റ്, വെസ്റ്റ് മിഡ്നാപ്പൂർ, മാൽഡാ, ഉത്തർ, ദക്ഷിൺ ദിനാജ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബീഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ, ആസ്സാം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഡൽഹി, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യമാണ് ഉള്ളത്.