road

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധ സമാനമായ സാഹചര്യത്തിൽ എത്തിയതോടെ അതിർത്തിയിൽ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ചൈനയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ അവർ അതീവ രഹസ്യമായി ഏറെ സന്നാഹങ്ങൾ ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെയും മുൻകരുതൽ നടപടി. കൊവിഡ് വ്യാപന കാലത്തും അതിർത്തിയിൽ ചൈനയും പാക്കിസ്ഥാനും പ്രകോപനം ഉണ്ടാക്കുമ്പോൾ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് രാജ്യം ഇടപെടുന്നത്.

ഇതിനിടെ റോഡ് നിർമ്മാണത്തിനായി 11000 തൊഴിലാളികളെ ഝാർഖണ്ഡ് വിട്ടുനൽകിയിട്ടുണ്ട്. ലഡാക്ക് ഉൾപ്പെടെയുള്ള അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങളിലൊക്കെ സുരക്ഷാ സംവിധാനം ശക്തമാക്കും. മികച്ച വേതനം ഉറപ്പാക്കിയാണ് തൊഴിലാളികളെ നൽകുന്നത്. ഇതിനായി ബോർഡർ റോഡ് ഓർഗനൈസേഷനുമായി മുഖ്യമന്ത്രി ഹേമന്ദ് സോറൻ കരാർ ഒപ്പിട്ടു.

തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും കമ്പനി ഉറപ്പാക്കും. 20 ശതമാനം വരെ വേതനവും കൂട്ടിയിട്ടുണ്ട്.. കഴിഞ്ഞ മാസം ഇവർക്ക് ജമ്മു കശ്മീരിലേക്കും ലഡാക്കിലേക്കും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെത്താൻ 11 സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡിലെ ശിവാലിക്, ഹിമാചലിലെ പ്രൊജക്ട് ദീപക്, ജമ്മുകശ്മീരിലെ പ്രൊജക്ട് ബീക്കണ എന്നിവിടങ്ങളിലേക്കും ഇതിൽ നിന്നും തൊഴിലാളികളെ ഉപയോഗിക്കും. പാംഗോഗ്‌സോ തടകാത്തിന് സമീപം ഗാൽവാൻ വാലിയിലെ ദർബുക് ഷായോക് ദൗലത് ബെഗ് ഓൾഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ചൈനയുമായി ഇപ്പോൾ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നത്.