lovers

കാസർകോട് : മുംബൈയില്‍ നിന്നും വരുന്ന കാമുകിക്കൊപ്പം ക്വാറന്റൈനില്‍ താമസിക്കാന്‍ കാസര്‍കോട്ടെ യുവാവ് ചെയ്തത് സിനിമാ കഥയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നാടകം. പൊലീസ് ഇടപെട്ടതോടെ പണിപാളുകയും ഇരുവരെയും വെവ്വേറെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയും ചെയ്തു. നേപ്പാള്‍ സ്വദേശിനിയായ യുവതിക്കൊപ്പം ചേര്‍ന്നാണ് യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം മെനഞ്ഞത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ കോഴിക്കോട്ടെത്തിയതായിരുന്നു നേപ്പാള്‍ സ്വദേശിനിയായ യുവതി.

ഗര്‍ഭിണിയായ താന്‍ ട്രെയിനില്‍ ഉറങ്ങിപ്പോയെന്നും ഭര്‍ത്താവ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും യുവതി കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ കാര്‍ ഏര്‍പ്പാടാക്കി കാസര്‍കോട്ടേക്ക് യാത്രയാക്കി. കാസര്‍കോട്ടുള്ള യുവാവിന്റെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ക്ക് യുവാവ് വഴിയും പറഞ്ഞുകൊടുത്തു. കാര്‍ കാസര്‍കോട്ട് എത്താറായതോടെ ഡ്രൈവറെ യുവാവ് ഫോണില്‍ വിളിക്കുകയും വഴിയില്‍ രണ്ടുപേര്‍ കാത്തുനില്‍ക്കുമെന്നും യുവതിയെ അവര്‍ക്കൊപ്പം വിടണമെന്നും അറിയിച്ചു. എന്നാല്‍ യുവതിയുടെ സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കാമെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

പുത്തൂര്‍ കടവത്ത് എത്തിയപ്പോൾ ഒരു യുവാവ് കൈകാണിച്ച് കാര്‍ നിര്‍ത്തിക്കുകയും യുവതിയെ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ചുപണം കാറിനുള്ളിലേക്കിട്ട് ഇരുവരും ഓടിപ്പോയി. ഡ്രൈവര്‍ പിറകെ ഓടിയതോടെ മറ്റൊരു യുവാവെത്തി കാറിനകത്തുണ്ടായിരുന്ന യുവതിയുടെ ഹാന്‍ഡ് ബാഗെടുത്ത് സ്ഥലം വിട്ടു. എന്നാൽ സംഭവം കാര്‍ ഡ്രൈവര്‍ അറിയിച്ചതോടെ കാസര്‍കോട് സി ഐയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വെച്ച് ഇരുവരെയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിഞ്ഞു.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒപ്പം താമസിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു യുവാവിന്റെ മൊഴി. യുവാവിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു നേപ്പാള്‍ സ്വദേശിനി. കാസർകോട് പൊലീസ് നേപ്പാള്‍ സ്വദേശിനിയെയും യുവാവിനെയും രണ്ടിടങ്ങളിലായി നിരീക്ഷണത്തിലാക്കിയതോടെ ലോക്ക് ഡൗണിലെ പ്രേമനാടകം പൊളിഞ്ഞു.