കണ്ണൂർ: ലോക്ക് ഡൗൺ ഇളവുകളോടെ ഓരോ മേഖലയിലും തൊഴിൽ ചെയ്യുന്നവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളികളും റിവേഴ്സ് ഗിയറിൽ. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം മാർച്ച് 10ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾക്കാണ് ഇതുവരെ പ്രവർത്തനാനുമതി ലഭിക്കാത്തത്.

സംസ്ഥാനത്തെ 4,500 ഒാളം വരുന്ന ഡ്രൈവിംഗ് സ്കൂൾ സ്ഥാപനങ്ങളിലെ 30,000 ൽ അധികം വരുന്ന ജീവനക്കാരാണ് ഇപ്പോൾ മൂന്ന് മാസമായി വരുമാനമൊന്നുമില്ലാതെ കഴിയുന്നത്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾ മിക്കയാളുകളും ഷെഡിൽ കയറ്റി ഇട്ടിരിക്കുകയാണ്. ആവശ്യമായ രീതിയിൽ പരിപാലിക്കാനോ ഒാടിക്കുവാനോ സാധിക്കാതെ വാഹനങ്ങൾ നശിച്ചുപോകുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

സ്കൂളുകളുടെ പട്ടികയിൽ ഡ്രൈവിംഗ് സ്കൂളുകളെയും പെടുത്തിയത് കൊണ്ടാണ് പ്രവർത്തനാനുമതി ലഭിക്കാൻ വൈകുന്നതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ, എം.പിമാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാർ

സ്വകാര്യ വാഹനങ്ങളിലും മറ്റും നാല് പേരെ വരെ കയറ്റി യാത്ര ചെയ്യാൻ അനുമതി നൽകാമെങ്കിൽ എന്തു കൊണ്ട് വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തങ്ങളെയും നിരത്തിലിറങ്ങാൻ അനുവദിച്ചു കൂടായെന്നാണ് ഇവരുടെ ചോദ്യം. രണ്ട് പേരെ വച്ചെങ്കിലും പഠിപ്പിക്കുവാനുള്ള അനുമതി നൽകണമെന്നാണ് ആവശ്യം. കൃത്യമായി മാസ്ക് ധരിച്ചും വാഹനങ്ങൾ അണുവിമുക്തമാക്കിയും സർക്കാരിന്റെ കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുവാൻ തങ്ങൾ തയ്യാറാണെന്നും ഇവർ വ്യക്തമാക്കുന്നു.

നിരവധി പേരുടെ വരുമാനമാണ് മുടങ്ങി കിടക്കുന്നത്. സംഘടനയുടെ നേതൃത്വത്തിൽ കുറേ പേരെ സഹായിച്ചിട്ടുണ്ട്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.

അഷ്റഫ് നരിമുക്കിൽ, സംസ്ഥാന സെക്രട്ടറി, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ

ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ