കണ്ണൂർ: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കൊവിഡ് കാലത്ത് കൂട്ടനിയമനത്തിന് നീക്കം. ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കുന്ന കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്കും ഇതിനു കീഴിൽ പ്രവർത്തിക്കുന്ന മില്ലുകളിലേക്കും അസി. മാനേജർമാർ മുതൽ കമ്പനി സെക്രട്ടറി വരെ വ്യാപകമായി നിയമിക്കാനുള്ള വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന മലബാർ സ്പിന്നിംഗ് മിൽ, എടരിക്കോട് ടെക്സ്റ്റയിൽസ്, കോട്ടയം ടെക്സ്റ്റയിൽസ്, പ്രഭുറാം മിൽസ് എന്നീ മില്ലുകളിലേക്കും സീതാറാം ടെക്സ്റ്റയിൽസ്, ഉദുമ ടെക്സ്റ്റയിൽസ്, പിണറായി ഹൈടെക്ക് വീവിംഗ് മിൽസ്, ട്രിവൻഡ്രo സ്പിന്നിംഗ് മിൽസ് എന്നീ മില്ലുകളുടെ ഹെഡ് ഓഫീസിലേക്കുമാണ് മാനേജർമാർ മുതൽ കമ്പനി സെക്രട്ടറി വരെയുള്ളവരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഉന്നതങ്ങളിലെ അഴിമതി, എം.ഡിമാരുടെ ധൂർത്ത്, അസംസ്കൃത വസ്തുവായ പരുത്തി, പോളിസ്റ്റർ എന്നിവ വാങ്ങുന്നതിലും നൂൽ വിൽപ്പനയിലും നടക്കുന്ന അഴിമതി തുടങ്ങിയവ കാരണം സംസ്ഥാനത്തുള്ള 15 സ്പിന്നിംഗ് മില്ലുകളും ഒരോ വർഷവും 4 കോടി രൂപ മുതൽ 12 കോടി രൂപ വരെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. കൊല്ലം, തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലകളും ചെങ്ങന്നൂർ പ്രഭുറാം ടെക്സ്റ്റയിൽസും സാമ്പത്തിക പ്രതിസന്ധി കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
നിലവിൽ ഹെഡ് ഓഫീസിലെ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് ഓരോ മില്ലിൽ നിന്നുമാണ്.
മില്ലുകളുടെ നഷ്ടം 4 കോടി മുതൽ 12 കോടി വരെ
ശമ്പളം 50,000 മുതൽ 1.25 ലക്ഷം വരെ
വരുന്നത് വൻബാദ്ധ്യത
ഓരോ മില്ലിലും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ലേ - ഒഫ് വേതനം, പി.എഫ് കുടിശ്ശിക , ലോക്ക് ഡൗൺ കുടിശ്ശിക, ഇ.എസ്.ഐ തുടങ്ങി 5 കോടി രൂപ വീതം ബാധ്യതയായി നിലവിലുണ്ട്. കഴിഞ്ഞ 10 വർഷമായി തൊഴിലാളിക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാതെ നഷ്ട കണക്ക് മാത്രം പറഞ്ഞ് മുന്നോട്ടു പോവുന്ന അവസരത്തിലാണ് അമ്പതിനായിരം മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ ശമ്പളത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
ബൈറ്റ്
മില്ലുകൾ കോടികളുടെ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ വ്യാപക നിയമനം നടത്തി ബാദ്ധ്യത വരുത്തി മാനേജ്മെന്റും സർക്കാറും തൊഴിലാളികളെ വഞ്ചിക്കുകയാണ്
കെ. സിദ്ദിഖ്, സംസ്ഥാന സെക്രട്ടറി,
കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ എംപ്ലോയീസ് ഫെഡറേഷൻ