കാസർകോട്: ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിൽ ഇക്കുറിയും ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കനത്ത മഴയെ തുടർന്ന് പാതക്കരികിലെ കരിമ്പിലക്കുന്നിൽ വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാലവർഷത്തിൽ ഈ ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡലേക്ക് വീണിരുന്നു. ഇതേ തുടർന്ന് ഈ റൂട്ടിൽ 36 ദിവസമാണ് ഗതാഗതം മുടങ്ങിയത്.
2019 ജൂലായ് 24ന് മുടങ്ങിയ ഗതാഗതം ആഗസ്ത് 29നാണ് പുനഃസ്ഥാപിക്കപ്പെട്ടത്. റോഡിൽ വീണ അഞ്ചായിരത്തോളം ലോഡ് മണ്ണ് ഗതാഗതം സുഗമമാക്കുന്നതിനായി നീക്കം ചെയ്യേണ്ടിവന്നു. കുന്നിൽ നിന്നും നിയന്ത്രണമില്ലാതെ മണ്ണെടുത്തതാണ് വിള്ളൽ സംഭവിക്കാൻ കാരണമായത്. റോഡ് ബി.എം.ബി.സി. ചെയ്യുന്നതിന്റെ ഭാഗമായാണ് വീതികൂട്ടുന്നതിനായി കുന്നിടിച്ചത്. കുറച്ചുഭാഗത്തെ മണ്ണ് നീക്കാനായിരുന്നു തീരുമാനമെങ്കിലും മണ്ണെടുക്കുന്തോറും കുന്ന് ഇടിയുകയായിരുന്നു. 20 അടിയോളം ഉയരത്തിലുള്ള കുന്നാണ് അപകടാവസ്ഥയിലായത്. ഇപ്പോഴും വിള്ളലിൽ മണ്ണ് ഇളകിക്കിടക്കുകയാണ്. കുന്നിൻ മുകളിലേക്ക് അക്വേഷ്യാമരങ്ങളും ചാഞ്ഞുകിടക്കുന്നുണ്ട്.
മഴയ്ക്ക് തീവ്രത കൂടിയാൽ
മഴയുടെ തീവ്രത കൂടിയാൽ റോഡിലേക്ക് മണ്ണ് വീഴുമോയെന്ന ആശങ്ക യാത്രക്കാർക്കുണ്ട്. മണ്ണ് വീണ് ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാൽ കർണാടകയിലെ പുത്തൂർ, ബംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ദുരിതത്തിലാകും. കിഫ്ബിയിൽ ഉൾപ്പെടുത്തി 39.76 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. ചെർളടുക്ക മുതൽ ഉക്കിനടുക്ക വരെയുള്ള 13 കിലോമീറ്റർ റോഡാണ് മേയ് മാസത്തിൽ നവീകരിച്ചത്. 18 കിലോമീറ്റർ റോഡാണ് കാസർകോട് മണ്ഡലത്തിലൂടെ കടന്നുപോകുന്നത്. റോഡിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.