കാസർകോട്: ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. ക്ഷേത്രങ്ങളടക്കം പല ആരാധനാലയങ്ങളും വിശ്വാസികൾക്കായി തുറന്നുകൊടുത്തു. നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങൾ തുറന്നത്. റസ്റ്റോറന്റുകളും പ്രവർത്തനം ആരംഭിച്ചു. ആളില്ലാത്തതിനാൽ ഹോട്ടലുകളിൽ ഇന്നലെയും പാർസൽ സർവ്വീസ് ആയിരുന്നു. കടകൾ ഇന്നലെ മുതൽ രാത്രി ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതർ അറിയിച്ചു.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ജാഗ്രതയോടെയായിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. മൂന്നുമാസമായി അടഞ്ഞുകിടക്കുകയായിരുന്ന ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കാൻ അനുമതിയുണ്ടെങ്കിലും ഭൂരിഭാഗം ആരാധനാലയങ്ങളും തുറന്നിട്ടില്ല. തൽക്കാലത്തേക്ക് തൽസ്ഥിതി തുടരാനാണ് തീരുമാനം. എന്നാൽ കാസർകോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മല്ലികാർജ്ജുന ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്.
പതിവ് പൂജാസമയങ്ങളിൽ ഉൾപ്പെടെ ദർശനം അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളോടെയാണ് ജില്ലയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം. മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പൂജാ സമയത്തുള്ള ദർശനത്തിന് വിലക്കുണ്ട്. അതേസമയം കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം തൽക്കാലം തുറക്കില്ല. വിഗ്രഹം, ബലിക്കല്ലുകൾ, കൊടിമരം എന്നിവയിൽ സ്പർശിക്കരുതെന്നാണ് നിർദ്ദേശം. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും നിയന്ത്രണങ്ങളോടെ ദർശനം അനുവദിച്ചു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ജൂൺ 30 വരെ ദർശനം അനുവദിക്കില്ല. പെർഡാല ഉദനേശ്വര ക്ഷേത്രം, കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം, നാരമ്പാടി മഹാലിംഗേശ്വര ക്ഷേത്രം, ഇടിയടുക്ക ദുർഗാപരമേശ്വരി ക്ഷേത്രം, മല്ലം ദുർഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിൽ സാമൂഹിക അകലത്തോടെ ദർശനം ആരംഭിച്ചു.
കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി അടക്കം നഗരത്തിലെ ഭൂരിഭാഗം മുസ്ലിം പള്ളികളും തൽക്കാലത്തേക്ക് തുറക്കേണ്ടതില്ല എന്നാണ് തീരുമാനം.
നെല്ലിക്കട്ട ഗുരുദേവക്ഷേത്രം ഇപ്പോൾ തുറക്കുന്നില്ല
കൊവിഡ് രോഗം പൂർണ്ണമായി വിട്ടുമാറാതെ നെല്ലിക്കട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്രം തുറക്കേണ്ടെന്ന് ദേവസ്വം ഭാരവാഹികൾ തീരുമാനിച്ചു. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമായ ശേഷം വിശ്വാസികൾക്ക് ദർശനം അനുവദിക്കാം എന്നാണ് കമ്മിറ്റിയുടെ ധാരണയെന്ന് ഗുരുദേവ ക്ഷേത്രം ഭാരവാഹിയും കാസർകോട് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റുമായ എ. ടി വിജയൻ അറിയിച്ചു.