കാഞ്ഞങ്ങാട്: സ്വകാര്യ ബസുകൾ നന്നെ കുറഞ്ഞതോടെ ഇന്നലെ യാത്രക്കാർ ഏറെ വലഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളിൽ കയറിപ്പറ്റാനുള്ള നെട്ടോട്ടമായിരുന്നു ഇന്നലെ ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും കാണാനായത്.
കൊവിഡ് കാല ബസ് ചാർജ് വർദ്ധന പിൻവലിച്ചതോടെ നഷ്ടത്തിലുള്ള സർവീസുകൾ തുടരാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുകയായിരുന്നു. എന്നാൽ അവർക്കനുകൂലമായ കോടതി വിധി ഉണ്ടായ സാഹചര്യത്തിൽ ഇന്ന് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് യാത്രക്കാർ. എന്നാൽ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നാണ് സർക്കാർ നിലപാട്.
തിങ്കളാഴ്ച മുതൽ മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന നിർദ്ദേശം നടപ്പിലാക്കേണ്ട ദിവസം തന്നെയാണ് സ്വകാര്യ ബസുകൾ യാത്രക്കാരെ പെരുവഴിയിലാക്കിയത്. മണിക്കൂറോളം കാത്തുനിന്നെത്തുന്ന കെ.എസ്.ആർ.ടി.സി ബസാകട്ടെ പുറപ്പെടുന്ന സ്ഥലത്തുനിന്ന് ആവശ്യമായ യാത്രക്കാരുമായാണ് വരുന്നത്. പയ്യന്നൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി പോകുന്ന ബസുകൾ മിക്കതും ചെറുവത്തൂർ, അലാമിപ്പള്ളി ബസ് സ്റ്റാൻഡുകളിൽ കയറുന്നില്ല. യാത്രക്കാരെ ഇറക്കാൻ മാത്രം നിർത്തിയിടുന്ന ബസുകൾക്കു പിറകെ ഓടിത്തളരുകയാണ് യാത്രക്കാർ.
മതിയായ ജീവനക്കാരില്ലാത്തതിനാൽ മിക്ക ഷെഡ്യൂളുകളും കാൻസൽ ചെയ്യുകയായിരുന്നു കെ.എസ്.ആർ.
ടി.സി. മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന ഉത്തരവ് വന്നുകഴിഞ്ഞുവെങ്കിലും ഹോട്ട്‌സ്‌പോട്ട് പ്രവേശങ്ങളിലുള്ളവർ വരേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർ, മറ്റു വിഭാഗം ജീവനക്കാരോടെല്ലാം ജോലിക്കു ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് എത്തേണ്ട ജീവനക്കാർ കൂടി എത്തുന്നതോടെ കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ അനുസരിച്ച് പൂർണതോതിൽ ഓടിത്തുടങ്ങും. അതേ സമയം സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ പ്രയാസപ്പെട്ടത്.