കണ്ണൂർ: സ്വകാര്യ ബസുകൾ സർവീസ് കുറച്ചതും യാത്രക്കാർ കൂടിയതും കണ്ണൂർ - പയ്യന്നൂർ റൂട്ടിൽ യാത്രാപ്രശ്നം രൂക്ഷമാക്കി. യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും തമ്മിൽ പലയിടത്തും വാക്ക്തർക്കവുമുണ്ടായി.
ഇന്നലെ വൈകീട്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെത്തിയ പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ സീറ്റ് നിറഞ്ഞതിനെ തുടർന്ന് കണ്ടക്ടർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചപ്പേഴാണ് സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഇതിനിടയിൽ തൊട്ടു മുന്നിൽ പോയ കെ.എസ്.ആർ.ടി.സി യിൽ യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി ചിലരെ നിർത്തിക്കൊണ്ട് സർവീസ് നടത്താൻ ജീവനക്കാർ തയ്യാറായി. എന്നാൽ ബസ് എ.കെ.ജി സ്‌റ്റോപ്പിലെത്തുന്നതിന് മുമ്പ് ചില സ്വകാര്യ ബസ് ജീവനക്കാർ ഇതു തടയുകയും നിൽക്കുന്ന യാത്രക്കാരെ ഇറക്കി വിടണമെന്നാവശ്യപ്പെട്ട് ബസുകൾ തടയുകയും ചെയ്തു.
ഒടുവിൽ നിന്ന് യാത്ര ചെയ്തവരെ ഇറക്കിവിട്ടാണ് ബസ് മുന്നോട്ടെടുത്തത്.
ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്തതും സ്വകാര്യ ബസുകൾ ഓടാത്തതും തളിപ്പറമ്പ്, പയ്യന്നൂർ, കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്. സർക്കാർ ജീവനക്കാരെല്ലാവരും ഓഫീസുകളിൽ ഹാജരാവണമെന്ന ഉത്തരവ് വന്നതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിനാലും സ്റ്റാൻഡിംഗിൽ ബസുകൾ യാത്ര അനുവദിക്കാത്തതിനാലും എങ്ങനെ ഓഫീസുകളിൽ എത്തിച്ചേരുമെന്ന ആവലാതിയിലാണ് ഉദ്യോഗസ്ഥർ.