കാസർകോട് :കൊവിഡ് കാലത്ത് കുട്ടികൾക്ക് സ്വന്തംനാട്ടിൽ പരീക്ഷാകേന്ദ്രമൊരുക്കി കേരള കേന്ദ്രസർവ്വകലാശാല. സെമസ്റ്റർ അവസാന വർഷ പരീക്ഷകൾക്കാണ് കുട്ടികൾക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലായ് 16 മുതൽ 23 വരെയാണ് പരീക്ഷ.

കുട്ടികൾക്കായി സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 25 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഒരു വിദ്യാർത്ഥി മാത്രമുള്ള പരീക്ഷാകേന്ദ്രങ്ങൾ പോലുമുണ്ട് ഇക്കൂട്ടത്തിൽ.

പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച് വിശദവിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. കുട്ടികൾക്ക് തങ്ങളുടെ സൗകര്യാർത്ഥം ഇഷ്ടമുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം സർവ്വകലാശാല ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പി.ജി. പ്രബന്ധങ്ങൾ ഓൺലൈനായി സമർപ്പിക്കണം. പ്രബന്ധങ്ങളുടെ വൈവാ പരീക്ഷ ഓൺലൈനായിട്ടാണ് നടത്തുന്നതെന്ന് സർവ്വകലാശാല വൈസ്ചാൻസലർ പ്രൊഫ. ജി. ഗോപകുമാർ പറഞ്ഞു. സർവ്വകലാശാല രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ, പരീക്ഷാ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ, ഡീൻമാർ, വിവിധവകുപ്പുകളുടെ മേധാവികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.