പഴയങ്ങാടി: മാട്ടൂലിൽ കടലാക്രമണം ഏറ്റവും രൂക്ഷമായ അഴിമുഖത്തോട് ചേർന്ന പ്രദേശത്താണ് തീര സംരക്ഷണഭിത്തി ഒരുങ്ങിയത്. അരനൂറ്റാണ്ടിലേറെക്കാലം കടൽ വെള്ളം കയറിയ വീടുകൾക്കും പ്രദേശവാസികൾക്കുമാണ് ഇതോടെ സംരക്ഷണമൊരുങ്ങിയത്.
ഇനി തിരമാലകളെ ഭയക്കാതെ ഇവിടുത്തുകാർക്ക് സ്വന്തം വീടുകളിൽ അന്തിയുറങ്ങാം. 70 ലക്ഷം രൂപ ചെലവഴിച്ചാണ് 140 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയാണ് നിർമിച്ചത്. അഞ്ച് മീറ്ററോളം ഉയരത്തിൽ പണിത ഭിത്തി ഇടിയാതിരിക്കാൻ അടിഭാഗം ഏറെ വീതി കൂട്ടിയാണ് പണിതത്.13 മുതൽ 17 മീറ്ററിലധികമാണ് വീതി. മുകൾ ഭാഗത്ത് രണ്ടര മീറ്ററിലധികം വീതിയുണ്ട്.
കഴിഞ്ഞ കടലാക്രമണ ഘട്ടത്തിൽ പ്രദേശത്ത് സന്ദർശനം നടത്തിയ ടി.വി രജേഷ് എം.എൽ.എയുടെ ഇടപെടലാണ് മാട്ടൂലിന്റെ തീരദേശ നിവാസികളുടെ ആധി അകറ്റിയത്. കടലാക്രമണം രൂക്ഷമായ മാടായി ,മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ മറ്റിടങ്ങളിലും തീരസംരക്ഷണഭിത്തി നിർമിക്കാനും സമഗ്ര പദ്ധതി തയ്യാറായി.
16 കോടി രൂപയാണ് അനുവദിച്ചത്. മാട്ടൂലിലെ നിർമ്മാണ പ്രവൃത്തി ടി .വി. രാജേഷ് എം.എൽ.എ സന്ദർശിച്ചു. സി.പി.എം നേതാക്കളായ കെ. ഭാർഗവൻ, സി. പ്രകാശൻ എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.