കണ്ണൂർ: സ്ത്രീ സുരക്ഷയ്ക്കായും പൊലീസിന്റെ പുതിയ ആപ്പ് പുറത്തിറങ്ങുന്നു. 'അപരാജിത ഇസ് ഓൺലൈൻ' എന്ന പേരിലാണ് പൊലീസ് പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. സമീപകാലത്തായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള നിരവധി അതിക്രമങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇത്തരമൊരു ആപ്പുമായി പൊലീസ് രംഗത്തെത്തുന്നത്.

സ്ത്രീകളെ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും ഉപദ്രവിക്കുന്നവർക്ക് 'ആപ്പൊ"രുക്കുകയാണ് പൊലീസ്. ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിനായി എസ്.പി, വിമൻ സെൽ തലത്തിലും ലോക്കൽ പൊലീസ് സ്റ്റേഷൻ തലത്തിലും പ്രത്യേകമായി പരാതി പരിഹാര സെൽ രൂപീകരിക്കും.

പരാതിക്കാരുമായി ഇ-മെയിൽ വഴി സംവദിക്കുന്നതിന് ഓരോ സ്റ്റേഷനിലും ഓരോ വനിതാ സെല്ലിലും കുറഞ്ഞത് രണ്ട് വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ അല്ലെങ്കിൽ സിവിൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കും. ഇവർക്കായി പ്രത്യേക പരിശീലനവും നല്കും.


നിയമനം രണ്ട് മാസത്തിനകം

'അപരാജിത ഇസ് ഓൺലൈൻ' ആപ്പുമായി ബന്ധപ്പെട്ടുവരുന്ന പരാതികൾ കൈകാര്യം ചെയ്യാൻ ഓരോ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും അടുത്ത രണ്ട് മാസത്തിനകം പരിശീലനം ലഭിച്ച രണ്ട് വനിതാ പൊലീസ് ഓഫീസർമാരെ നിയമിക്കാനാണ് തീരുമാനം.

പരാതികൾ ഇ-മെയിൽ വഴി

ആപ്പുവഴി കൈകാര്യം ചെയ്യുന്ന പരാതികൾ സംബന്ധിച്ച് പരാതിക്കാരുമായി ഇ-മെയിൽ വഴി ചർച്ചകൾ നടക്കും. കേസെടുക്കേണ്ട തരത്തിലുള്ള പരാതികൾ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. കുറ്റവാളികളെ തിരയാൻ ഇതര വിംഗുകളുമായി കൂട്ടായ പ്രവർത്തനവുമുണ്ടാകും.

സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്കെതിരെ ഇവർ കൈകോർക്കും

പൊലീസ് സ്റ്റേഷൻ ലെവൽ സൈബർ സെൽ

ഡിസ്ട്രിക്ട് സൈബർ സെൽ

ഹൈടെക് സെൽ

സൈബർ ഡോം