കണ്ണൂർ: ജില്ലയിൽ അഞ്ചു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും രണ്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗബാധ.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി മേയ് 27ന് കുവൈറ്റിൽ നിന്ന് ജെ 91405 വിമാനത്തിലെത്തിയ തോട്ടട സ്വദേശി 59 കാരനും 31ന് നൈജീരിയയിൽ നിന്ന് പി 47812 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 31 കാരിയുമാണ് വിദേശത്ത് നിന്ന് എത്തിയവർ.
23ന് ചെന്നൈയിൽ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശി 20കാരൻ മുംബൈയിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശി 28 കാരി എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റു രണ്ടു പേർ. തില്ലങ്കേരി സ്വദേശി 60കാരനാണ് സമ്പർക്കം മൂലം രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇതിൽ 146 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ ജില്ലയിൽ 9735 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 9182 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8799 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.