pic

കോഴിക്കോട്: നിഥിന്റെ മൃതദേഹം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. നാടിന്റെ നൊമ്പരമായി മാറിയ നിഥിന്റെ മരണം ഉൾകൊള്ളാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ നിയമത്തിന്റെ വഴിയെ പോയപ്പോഴാണ് കോഴിക്കോട് പേരാമ്പ്രയിലെ നിഥിൻ എന്ന 28കാരനും അദ്ദേഹത്തിന്റെ ഭാര്യയും ആതിരയും ലോക ശ്രദ്ധയിലേക്ക് എത്തിയത്. നാട്ടിലേക്ക് വരാൻ തനിക്ക് ലഭിച്ച അവസരം മറ്റൊരാൾക്ക് നൽകി ഈ യുവാവ് വീണ്ടും ജനപ്രിയനാവുകയായിരുന്നു.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് നിഥിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 7.20 ഓടെ ബന്ധുക്കൾക്ക് കൈമാറി. നിഥിന്റെ സഹോദരൻ, അമ്മയുടെ സഹോദരൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരായിരുന്നു എയർപോർട്ടിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. എയർ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. നിഥിന്റെ ഭാര്യ ആതിരയാണ് കോടതിയെസമീപിച്ചിരുന്നത്. ഗർഭിണിയായ ആതിര നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രിയതമന്റെ വേർപാട് അറിയാതെ ആതിര കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഭാര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് നാട്ടിലേക്ക് വരാനിരുന്ന നിഥിൻ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൃതദേഹം നേരെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. അവിടെയാണ് ആതിര ഉള്ളത്. തുടർന്ന് പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് വൈകുന്നേരത്തോടെ സംസ്കരിക്കും.

തിങ്കളാഴ്ചയാണ് ദുബായിൽ ഹൃദയാഘാതം മൂലം നിഥിൻ ദുബായിൽ മരിച്ചത്. നിഥിൻ മരിച്ച വിവരം ഇന്നലെയാണ് ആതിരയെ അറിയിച്ചത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി 'ഇൻകാസ്' സുപ്രീം കോടതിയെ സമീപിച്ചത് നിഥിന്റെ ഭാര്യ ആതിരയെ മുൻനിറുത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂർണമായ നിലപാട് എടുത്തതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗർഭിണികൾക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

നാട്ടിലായിരിക്കുമ്പോഴും വിദേശത്തുള്ളപ്പോഴും സഹജീവികൾക്കായി മാത്രം ജീവിച്ച നിഥിന്റെ വേർപാട് തീർത്ത നൊമ്പരത്തിലാണ് പ്രവാസികളും. ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെന്നതിലുപരി പ്രവാസികളുടെ എല്ലാ പ്രതിസന്ധികളിലും ആശ്വാസ നടപടികളുമായി നിഥിനുമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ മരണത്തിന് മണിക്കൂറുകൾക്ക് വന്ദേ ഭാരത് നാലാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് വിമാനങ്ങൾ വെട്ടിക്കുറച്ചതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടൽ ഉണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പിൽ എം.എൽ.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിഥിനും പകരം രണ്ടു പേർക്ക് ടിക്കറ്റ് സമ്മാനിച്ച് മാതൃക ആവുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ എഞ്ചിനിയറായിരുന്നു നിഥിൻ രാവിലെ ഉറക്കമെഴുന്നേൽക്കാതെ വന്നപ്പോൾ വിളിച്ചുണർത്താൻ ശ്രമിച്ച സുഹൃത്തുക്കളാണ് ചലനമറ്റ നിലയിൽ നിഥിനെ കണ്ടെത്തിയത്. ഉടൻ തന്നെ വൈദ്യസഹായം തേടി. ഉറക്കത്തിനിടെ രാത്രി തന്നെ നിഥിൻ മരിച്ചതായാണ് നിഗമനം. നേരത്തെ തന്നെ നിഥിന് ഹൃദയ സംബന്ധമായ രോഗം ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. പ്രവാസികൾക്ക് മാത്രമല്ല, നാട്ടിലുള്ളവർക്കും ഈ യുവാവിന്റെ വേർപാട് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.