jakkartha-
കാസർകോട്ടുകാർ ജക്കാർത്തയിൽ നിന്ന് ബന്ധുക്കൾക്ക് അയച്ച ഫോട്ടോ

കാസർകോട്: ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ ലോക്ക്ഡൗണിൽ കുടുങ്ങിയ മലയാളികൾക്കൊപ്പം കാസർകോട് സ്വദേശികളായ നിരവധി പേരും. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ മൂന്നുമാസമായി നരകയാതനയിൽ. സന്ദർശക വിസയിലും ചെറിയ ജോലിക്കുമായി എത്തിയ മലയാളികൾ അടക്കമുള്ളവർ ഇപ്പോൾ വലിയ ദുരിതത്തിലാണ്. കാസർകോട് തളങ്കര സ്വദേശികളായ നവാസ്, സുബൈർ എന്നിവർ വാട്ട്‌സ് ആപ്പിലൂടെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലുള്ളവരും ഇവർക്കൊപ്പം നാട്ടിലേക്കെത്താൻ വഴി തേടുകയാണ്. ഇവരിൽ 100 ഓളം മലയാളികളുണ്ട്.

ഇരുവരും മാസങ്ങൾക്ക് മുമ്പാണ് ജോലിക്കായി ഇന്ത്യോനേഷ്യയിൽ എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അധികൃതർ നിറുത്തിവച്ചിരുന്നു. പലരും നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൊവിഡ് 19 രോഗവ്യാപനമുണ്ടായത്. ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെ വലിയ പ്രതിസന്ധിയിൽ പെടുകയായിരുന്നു. താമസ, ഭക്ഷണ സൗകര്യങ്ങളും കുറഞ്ഞതോടെ വലിയ ദുരിതത്തിലേക്ക് നീങ്ങി. ഇപ്പോൾ നാട്ടിലേക്ക് വരാൻ അവസരം ഒരുങ്ങിയിരുന്നു. പക്ഷെ ഇന്ത്യോനേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടു വിമാന സർവീസുകളില്ല. ഒരാൾക്ക് ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഇതിനായി വേണ്ടി വരും. ഭക്ഷണം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ.

ഒറ്റപ്പെട്ടവരെ ചേർത്ത് നിറുത്തി 'ഇന്ത്യൻ സിറ്റിസൺ' എന്ന പേരില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യൻ എംബസിയുടെ നമ്പറും ചേർത്തിട്ടുണ്ട്. കേരള സമാജം ഭാരവാഹികളും സഹായത്തിന് മുൻപന്തിയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് അടക്കം ഇ മെയിൽ സന്ദേശം അയച്ചു കാത്തിരിക്കുകയാണ് ഇവർ. നാടണയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതിനായി അധികൃതരുടെ കനിവ് തേടുകയാണ് നവാസ്, സുബൈർ അടക്കമുള്ള മലയാളികൾ.