pic

കാസർകോട്: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കരിന്തളം സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം 28 കാരനായ ഇയാൾക്ക്‌ എവിടെ നിന്ന് രോഗം പകർന്നുവെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 27 നാണ് യുവാവ് സ്രവം പരിയാരം മെഡിക്കൽ കോളജിൽ പരിശോധനക്ക് നൽകിയത്. രോഗ ലക്ഷണങ്ങളോടെ യുവാവ് മെയ് 24ന് പരിയാരത്ത് എത്തിയിരുന്നു. ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യത്തിനാണ് മെഡിക്കൽ കോളജ് സന്ദർശിച്ചത്. അതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്‌. അതേസമയം ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രണ്ട് പേർക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മെയ് 31 ന് ബസിലെത്തിയ 49 വയസുള്ള കുമ്പള സ്വദേശിക്കും ജൂൺ ആറിന് ട്രെയിൻ മാർഗം വന്ന 65 വയസുള്ള പള്ളിക്കര സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റീവായത്.

കുമ്പള സ്വദേശി സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റീനിലും പള്ളിക്കര സ്വദേശി പരിയാരം മെഡിക്കൽ കോളേജിലുമാണ് ഉണ്ടായിരുന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി. ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ എന്നീ പഞ്ചായത്തുകൾ ഹോട്ട് സ്‌പോട്ടാക്കി. ആശുപത്രികളിൽ 411 പേരുമുൾപ്പെടെ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 3751 പേരാണ്. 533 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 165 പേരെ കൂടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.