കണ്ണൂർ: കൊവിഡ് 19 ബാധിതരുടെ എണ്ണം 133 ലെത്തിയപ്പോഴും കണ്ണൂരിന് ആശങ്കപ്പെടാൻ ഏറെയുണ്ട്. തൊട്ടടുത്ത കാസർകോട് ജില്ലയിലെ രോഗ വ്യാപ്തിയാണ് പ്രധാന പ്രശ്നം. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആണ്. കോഴിക്കോടാകട്ടെ 78 രോഗികളുമുണ്ട്. വയനാട്ടിൽ രോഗികളുടെ എണ്ണം 21 ൽ ഒതുങ്ങിയതാണ് അൽപ്പം ആശ്വാസം പകരുന്നത്. പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെയും ഒഴുക്ക് തുടരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതേസമയം കണ്ണൂർ ജില്ലയിൽ വൈറസ് ബാധ സംശയിച്ച് 9735 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 197 പേർ ആശുപത്രിയിലും 9538 പേർ വീടുകളിലുമാണ് കഴിയുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 52 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 28 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 84 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 33 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8799 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കണ്ണൂരിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ എറണാകുളം-1, കോഴിക്കോട്-2, കാസർകോട്-8, ആലപ്പുഴ-1, തൃശൂർ-1 , മലപ്പുറം-2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നും എത്തിയവർ. കോഴിക്കോട് ജില്ലയിൽ രണ്ട് കണ്ണൂർ സ്വദേശികളും ചികിത്സയിൽ കഴിയുന്നുണ്ട്.