george-floit

മിന്നെപോളിസ്: അമ്മാവന്റെ കൊലപാതകം ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്ന് ആരോപിച്ച് ജോർജ്ജ് ഫ്ലോയിഡിന്റെ മരുമകൾ. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകളായ ബ്രൂക് വില്യംസ് പ്രതിഷേധം രേഖപ്പെടുത്തിയത്.

അമ്മാവൻ മതവിശ്വാസിയും സൗമ്യനുമായിരുന്നു. അദ്ദേഹത്തിന് നീതി കിട്ടണം. അമേരിക്കയിലെ നിയമങ്ങളെല്ലാം കറുത്തവർഗക്കാരന് എതിരെയാണ്. ഇതിനെതിരെ തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നും ബ്രൂക് പറഞ്ഞു.

കള്ളനോട്ട് കയ്യിലുണ്ടെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കാനാണ് ഫ്ലോയിഡിനെ പൊലീസുദ്യോഗസ്ഥൻ മർദ്ദിച്ചത്. കൈവിലങ്ങിടാനായി റോഡിലിട്ട് കഴുത്തിൽ കാൽമുട്ട് അമർത്തി പിടിക്കുകയായിരുന്നു. ശ്വാസം മുട്ടുന്നെന്ന് ദയനീയമായി കര‌ഞ്ഞ് പറഞ്ഞിട്ടും ഒൻപത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തിൽ കാലുചവിട്ടി പിടിച്ചെന്നാണ് കണ്ടെത്തൽ. ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരണപ്പെട്ടത്. സംഭവത്തിൽ കുറ്റവാളിയായ ഡെറിക് ചോവിൻ എന്ന പൊലീസുകാരനടക്കം സംഘത്തിലുണ്ടായ നാലുപേരെ സസ്പെന്റ് ചെയ്തിരുന്നു. കൊലപാതകകുറ്റം ചുമത്തിയാണ് കേസ്.