കണ്ണൂർ: ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് തടവുചാടിയ പ്രതികളിൽ ഒരാൾ പിടിയിൽ. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തോട്ടടയിൽ താൽക്കാലിക റിമാൻഡിൽ പാർപ്പിച്ചിരുന്ന പോക്സോ കേസിലെ പ്രതി മണിക്കുട്ടനാണ് പിടിയിലായത്. മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നുമാണ് ഇയാളെ എസ്.ഐ ഷിജിവും സംഘവും പിടികൂടിയത്. ഇയാളുടെകൂടെ തടവുചാടിയ കാസർകോട് തെക്കിൽ മാങ്ങാട് സ്വദേശി റംസാനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് രണ്ടുപേരും പാർപ്പിച്ചിരുന്ന മുറിയുടെ എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റി രക്ഷപ്പെട്ടത്. താൽക്കാലികമായി തയ്യാറാക്കിയ ക്വാറന്റീൻ കേന്ദ്രമായതിനാൽ പ്രതികളുമായി കൂടുതൽ സമ്പർക്കം പുലർത്താതെയാണ് ജയിൽ ജീവനക്കാർ ഡ്യൂട്ടി നോക്കിയിരുന്നത്. പ്രതികളുടെ ശബ്ദമൊന്നും കേൾക്കാത്തതിനാൽ മുറിയുടെ പുറത്തുള്ള ജനലിൽകൂടി നോക്കിയപ്പോൾ കാണാത്തതിനാൽ ഗ്രിൽസ് തുറന്ന് അകത്തേക്ക് ചെന്ന് നോക്കിയപ്പോൾ ശുചിമുറിയുടെ എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റിയ നിലയിലായിരുന്നു. തോട്ടട പോളി ടെക്നിക്ക് മെൻസ് ഹോസ്റ്റലായിരുന്നു താത്ക്കാലിക സംവിധാനമായി ഒരുക്കിയിരുന്നത്.