melparampil-
അഷ്‌റഫ്‌

കാസർകോട്: ഉഡുപ്പിയിലെ സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്റ് ഹോസ്റ്റലിൽ കഴിയുകയായിരുന്ന അഷ്റഫ് എന്നയാളെ കാസർകോട് പൊലീസ് ചീഫ് ഡി.ശില്പയുടെ നിർദ്ദേശത്തെ തുടർന്ന് മേൽപ്പറമ്പ് സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തിൽ ഉഡുപ്പിയിൽ നിന്ന് ആംബുലൻസ് മാർഗ്ഗം ദേളി എച്ച്.എൻ.സി ആസ്പത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി. ആംബുലൻസ് ഉഡുപ്പിയിലേക്ക് പുറപ്പെടുമ്പോൾ പൊലീസുകാരൻ ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു. വർഷങ്ങളോളം ഭാര്യയേയും മക്കളെയും ബന്ധുകളെയും കൈവിട്ട് കഴിയുന്ന അഷറഫിന്റെ ദുരിതജീവതത്തിന്റെ വിവരങ്ങൾ ജില്ല പൊലീസ് ചീഫ് നേരിട്ടറിഞ്ഞു.

അഷറഫിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പൊലീസിന്റെ ഊർജ്ജിതമായ ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. ഉഡുപ്പിയിൽ കഴിയുന്ന അഷ്റഫിനെ കുറിച്ചുള്ള വിവരങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴി വൈറലായിട്ടും അഷ്റഫിന്റെ കുടുംബത്തെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കാസർകോട് ഭാഷ സംസാരിക്കുന്നതു കൊണ്ടും നാട് കളനാട് തളങ്കര എന്ന് പറയുന്നത് കൊണ്ടുമാണ് നാട്ടുകാരനെന്ന് മനസ്സിലാക്കിയത്. മക്കൾ ലത്തിഫ്, നാസർ, ഭാര്യ ജമീല എന്നൊക്കെ പറയുന്നുണ്ടെങ്കിലും കൂടുതൽ ഒന്നും വ്യക്തമാവുന്നില്ല. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നവർ മേൽപ്പറമ്പ് സി.ഐ ക്ക് കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു.